ഖത്തർ: COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പുതുക്കിയതായി ആരോഗ്യ മന്ത്രാലയം

Qatar

രാജ്യത്തെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ബൂസ്റ്റർ ഡോസ് സംബന്ധമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ പുതുക്കിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനൊപ്പം, അന്താരാഷ്ട്ര യാത്രാ നിബന്ധനകളുമായി കൂടുതൽ ചേർന്ന് നിൽക്കുന്ന രീതിയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നവീകരിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിച്ചിട്ടുള്ള വ്യക്തികകളുടെ, ഇത് സംബന്ധിച്ച വിവരങ്ങൾ പുതുക്കിയ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതാണ്.

ഇതിന് പുറമെ, ഖത്തർ എയർവേസുമായി ചേർന്ന് IATA ട്രാവൽ പാസ് ഡിജിറ്റൽ പാസ്സ്‌പോർട്ട് വിവരങ്ങളും, യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ COVID-19 സർട്ടിഫിക്കറ്റ് വിവരങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ലഭിച്ചിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പൂർണ്ണമായും സാധുതയുള്ളവയാണെന്നും, ഇത്തരം വ്യക്തികൾ പുതിയ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്തെടുക്കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്തവർക്ക് പുതിയ രൂപത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ https://cert-covid19.moph.gov.qa/Home/Index എന്ന വിലാസത്തിൽ നിന്ന് ഒക്ടോബർ 20 മുതൽ ലഭ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.