COVID-19 വാക്സിനേഷൻ നടപടി പൂർത്തിയാക്കാൻ 60 വയസ്സ് കഴിഞ്ഞവർക്ക് ഖത്തർ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

Qatar

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി എത്രയും പെട്ടന്ന് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ 60 വയസ്സ് കഴിഞ്ഞ പൗരന്മാരോടും, പ്രവാസികളോടും ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. കഴിഞ്ഞ ഏതാനം നാളുകളായി അറുപത് വയസ്സ് കഴിഞ്ഞവരിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന കൊറോണ വൈറസ് ബാധയും, ഇതിനെത്തുടർന്നുള്ള മരണങ്ങളും കണക്കിലെടുത്താണ് ആരോഗ്യ വകുപ്പിലെ ഡോ. ഹനാദി അൽ ഹമദ് ഇത്തരം ഒരു നിർദ്ദേശം പൊതുജനങ്ങൾക്ക് നൽകിയത്.

ഖത്തർ ന്യൂസ് ഏജൻസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഫെബ്രുവരി 15-ന് അവർ ഇക്കാര്യം അറിയിച്ചത്. ഖത്തറിൽ കഴിഞ്ഞ ഏതാനം ദിവസങ്ങൾക്കിടയിൽ 60 വയസ്സ് കഴിഞ്ഞ നാല് പേരാണ് COVID-19 രോഗബാധയെത്തുടർന്ന് മരിച്ചത്.

“രാജ്യത്തുള്ള അറുപത് വയസ്സ് പിന്നിട്ട മുഴുവൻ പൗരന്മാരും, പ്രവാസികളും എത്രയും വേഗം വാക്സിൻ സ്വീകരിക്കേണ്ടത് പ്രധാനമാണ്. ഇത്തരം വിഭാഗങ്ങളോട് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. ഈ മഹാമാരി ആരംഭിച്ചത് മുതലുള്ള കണക്കുകൾ പ്രകാരം അറുപത് വയസ്സ് കഴിഞ്ഞവർക്കിടയിൽ ഈ രോഗം ഏറെ അപകടസാധ്യത ഉണ്ടാക്കുന്നതായാണ് കണ്ടുവരുന്നത്. ഇത്തരക്കാരിൽ കൊറോണ വൈറസ് ബാധ സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഫലപ്രാപ്തിയുള്ള ഒരു വാക്സിൻ ലഭ്യമാണെന്നതിനാൽ, ഈ പ്രായക്കാർ എത്രയും വേഗം വാക്സിൻ സ്വീകരിക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്ക് പ്രധാനമാണ്.”, അവർ വ്യക്തമാക്കി.

വാക്സിനേഷനിൽ പങ്കെടുക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. https://app-covid19.moph.gov.qa/en/instructions.html എന്ന വിലാസത്തിൽ ഈ നടപടി പൂർത്തിയാക്കാവുന്നതാണ്.