ഹയ്യ കാർഡ് കൈവശമുള്ളവർക്ക് തങ്ങളുടെ കീഴിലുള്ള മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഖത്തർ മ്യൂസിയംസ് അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നാഷണൽ മ്യൂസിയം ഓഫ് ഖത്തർ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവ ഒഴികെയുള്ള മ്യൂസിയങ്ങളിലേക്കാണ് ഹയ്യ കാർഡ് ഉള്ളവർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് അവസാനിക്കുന്നത് വരെയാണ് ഈ ആനുകൂല്യം.
ലോകകപ്പ് കഴിയുന്നത് വരെ ഹയ്യ കാർഡ് ഉള്ളവർക്ക് 3-2-1 ഖത്തർ ആൻഡ് ഒളിമ്പിക് സ്പോർട്സ് മ്യൂസിയം, അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ഖത്തർ മ്യൂസിയംസ് ഗാലറി തുടങ്ങിയ മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നതാണ്. ഇവർക്ക് വിവിധ മ്യൂസിയങ്ങളിൽ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രത്യേക പ്രദർശനങ്ങളിലേക്കും സൗജന്യ പ്രവേശനം ലഭിക്കുന്നതാണ്.
2022 ഡിസംബർ 4 മുതൽ ഡിസംബർ 20 വരെയുള്ള കാലയളവിൽ വിവിധ മ്യൂസിയങ്ങളുടെ പ്രവർത്തന സമയം നീട്ടുന്നതിനും ഖത്തർ മ്യൂസിയംസ് തീരുമാനിച്ചിട്ടുണ്ട്. അൽ സുബൈറാഹ്, ആർട്ട് മിൽ മ്യൂസിയം 2030 എന്നിവ ഒഴികെയുള്ള മ്യൂസിയങ്ങളുടെ പ്രവർത്തന സമയമാണ് നീട്ടിയിരിക്കുന്നത്.