തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് നൽകി. 2024 മാർച്ച് 10-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം PHCC-യുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും റമദാനിൽ രണ്ട് ഷിഫ്റ്റുകളിലായി (രാവിലെ, വൈകീട്ട്) സേവനങ്ങൾ നൽകുന്നതാണ്. ഫാമിലി മെഡിസിൻ ആൻഡ് സപ്പോർട്ട് സർവീസുകൾ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെയും, വൈകീട്ട് 4 മണിമുതൽ അർദ്ധരാത്രി വരെയും രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നതാണ്.
അൽ വക്ര ഹെൽത്ത് സെന്റർ രാവിലെ 8 മണിമുതൽ അർദ്ധരാത്രി വരെ തുടർച്ചയായി പ്രവർത്തിക്കുന്നതാണ്. റമദാനിൽ പ്രവർത്തിക്കുന്ന ഇരുപ്പത്താറ് സെന്ററുകളിൽ നിന്ന് രണ്ട് ഷിഫ്റ്റുകളിലായി ദന്തപരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെയും, വൈകീട്ട് 7 മണിമുതൽ അർദ്ധരാത്രി വരെയുമാണിത്.
അൽ ശീഹാനിയ, അബു ബക്കർ അൽ സിദിഖ്, മുഐതേർ, അൽ റുവൈസ്, അൽ കാബൻ, ഉം സലാൽ, ഗർഫത് അൽ റയ്യാൻ, റൗദത് അൽ ഖൈൽ, അൽ മഷാഫ്, അൽ സാദ്, അൽ കരാന എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തിര ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.
Cover Image: Qatar News Agency.