ഖത്തർ: ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുന്നതിനായി ഏതാനം രണ്ടാം ഡോസ് കുത്തിവെപ്പുകൾ മറ്റു കേന്ദ്രങ്ങളിൽ നിന്ന് നൽകും

Qatar

ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് ഒഴിവാക്കുന്നതിനായി ഏതാനം പേർക്ക് രണ്ടാം ഡോസ് കുത്തിവെപ്പുകൾ മറ്റു വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നതിനുള്ള നടപടികൾ ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഡോസ് കുത്തിവെപ്പുകൾ അവരുടെ ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അറിയിച്ച് കൊണ്ട് PHCC ഏതാനം പേർക്ക് SMS-ലൂടെ അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചിട്ടുള്ളവർക്ക്, അവർ ആദ്യ ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് തന്നെ രണ്ടാം ഡോസ് കുത്തിവെപ്പുകൾ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ, സമയം എന്നിവ സ്ഥിരീകരിച്ച് കൊണ്ട് മറ്റൊരു SMS ലഭിക്കുന്നതാണെന്നും PHCC വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ രണ്ടാം ഡോസ് കുത്തിവെപ്പിനായി എത്തുന്നവർക്ക് ‘Ehteraz’ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.

ഇവർ QID, ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന വാക്‌സിനേഷൻ കാർഡ് എന്നിവ കൈവശം കരുതേണ്ടതാണ്. ഇവർ മുഴുവൻ സമയവും നിർബന്ധമായും മാസ്കുകൾ ധരിക്കേണ്ടതാണ്.

ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.