ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. അഡിഡാസ് നിർമ്മിക്കുന്ന അൽ രിഹ്‍ല എന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ലെ ഔദ്യോഗിക പന്ത് പ്രമേയമാക്കിയാണ് ഈ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
2022 നവംബർ 10-നാണ് ഖത്തർ പോസ്റ്റ് ഇക്കാര്യം അറിയിച്ചത്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എട്ടാമത് ശ്രേണിയിൽപ്പെടുന്ന സ്മാരക സ്റ്റാമ്പാണിത്.
15 റിയാലാണ് ഈ സ്റ്റാമ്പിന്റെ മൂല്യം. 20000 സ്റ്റാമ്പുകളാണ് ഈ ശ്രേണിയിൽ ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമെ 3000 പ്രത്യേക ഫോൾഡറുകളും, 3000 ഫസ്റ്റ് ഡേ കവറുകളും, 3000 പോസ്റ്റ്കാർഡുകളും ഇതുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ലെ ഔദ്യോഗിക പന്ത് , ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ലോഗോ എന്നിവ ഉൾപ്പെടുത്തിയാണ് ഈ സ്റ്റാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഫിഫയും, ഖത്തർ പോസ്റ്റും തമ്മിലേർപ്പെട്ടിട്ടുള്ള കരാറിന്റെ അടിസ്ഥനത്തിൽ 2021 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ പോസ്റ്റ് പ്രത്യേക ഫിഫ ലോകകപ്പ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതാണ്. ലോകകപ്പ് ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന ദിനങ്ങളിലെ വിവിധ പ്രധാന സംഭവങ്ങൾ ഈ സ്റ്റാമ്പുകളിലൂടെ ആഘോഷിക്കുന്നതിനും, ഇതോടൊപ്പം ഖത്തറിലെ ഫുട്ബോൾ ചരിത്രം സ്റ്റാമ്പുകളിലൂടെ അടയാളപ്പെടുത്തുന്നതിനും ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നു.
ഈ ശ്രേണിയിൽ പെടുന്ന ആദ്യ രണ്ട് സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2021 ഏപ്രിൽ 1-ന് പുറത്തിറക്കിയിരുന്നു. ഈ രണ്ട് സ്റ്റാമ്പുകളിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ചിഹ്നമാണ് മുദ്രണം ചെയ്തിട്ടുള്ളത്.
ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം ശ്രേണിയിലെ സ്റ്റാമ്പുകൾ 2021 ജൂലൈ 12-ന് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു. 2022 ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ ഉൾക്കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള എട്ട് സ്റ്റാമ്പുകളാണ് രണ്ടാം ശ്രേണിയിൽ പുറത്തിറക്കിയിരുന്നത്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ല ഈബ് എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്മാരക സ്റ്റാമ്പ് ഖത്തർ പോസ്റ്റ് 2022 മെയ് മാസത്തിൽ പുറത്തിറക്കിയിരുന്നു.
‘ഖത്തറി ഫുട്ബാൾ വിക്ടറീസ്’ എന്ന പ്രമേയത്തിൽ ഫുട്ബാൾ മത്സരങ്ങളിൽ ഖത്തർ കൈവരിച്ചിട്ടുള്ള വിജയങ്ങളെ ആഘോഷിക്കുന്ന സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2022 ഒക്ടോബറിൽ പുറത്തിറക്കിയിരുന്നു.
ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തർ സെൻട്രൽ ബാങ്ക് ’22 ഖത്തറി റിയാൽ’ മൂല്യമുള്ള ഒരു പ്രത്യേക സ്മാരക കറൻസിനോട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ലെ ഔദ്യോഗിക പന്ത് അഡിഡാസ് നിർമ്മിക്കുന്ന അൽ രിഹ്‍ലയായിരിക്കുമെന്ന് ഫിഫ നേരത്തെ അറിയിച്ചിരുന്നു. സഞ്ചാരം, യാത്ര എന്നീ അർത്ഥങ്ങളാണ് അൽ രിഹ്‍ല എന്ന അറബ് പദം സൂചിപ്പിക്കുന്നത്.
ഖത്തറിന്റെ സംസ്കാരം, വാസ്‌തു വിദ്യ എന്നിവയിൽ നിന്നും ഖത്തറിലെ ദേശീയ പതാക, പരമ്പരാഗത വഞ്ചികൾ എന്നിവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പന്ത് രൂപകൽപന ചെയ്തിരിക്കുന്നത്.