ഖത്തർ: ദോഹ അന്താരാഷ്ട്ര പുസ്തക മേള നീട്ടിവെച്ചു

GCC News

2021 ജനുവരിയിൽ നടക്കാനിരുന്ന ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ നീട്ടിവെക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് സ്പോർട്സ് അറിയിച്ചു. ഡിസംബർ 3, വ്യാഴാഴ്ച്ചയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2021 ജനുവരി 7 മുതൽ 16 വരെയാണ് ദോഹ അന്താരാഷ്ട്ര പുസ്തക മേള നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത ശേഷം മേള നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ തീയ്യതികൾ നിലവിൽ പ്രഖ്യാപിച്ചിട്ടില്ല.

രാജ്യത്തെ COVID-19 സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് സ്പോർട്സ് ബുക്ക് ഫെയർ നീട്ടിവെക്കാൻ തീരുമാനിച്ചത്. ആരോഗ്യ മന്ത്രാലയവുമായി സംയുക്തമായി രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ അവലോകനം ചെയ്ത ശേഷമാണ് മിനിസ്ട്രി ഓഫ് കൾച്ചർ മേള നീട്ടിവെക്കുന്നതായും, പുതിയ തീയ്യതികൾ പിന്നീട് തീരുമാനിക്കുമെന്നും അറിയിച്ചത്.