ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഡിസംബർ 21-നു രാത്രി ഖത്തറിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് ഫൈസർ വാക്സിനിനു ഔദ്യോഗിക അംഗീകാരം നൽകാൻ ഇതിന് ഏതാനം മണിക്കൂറുകൾക്ക് മുൻപ് ഖത്തർ തീരുമാനിച്ചിരുന്നു.
ഫൈസർ, ബയോ എൻ ടെക് വാക്സിനിന്റെ 14 ബോക്സുകളാണ് ആദ്യ ബാച്ച് എന്ന നിലയിൽ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ബ്രസൽസിൽ നിന്ന് ഖത്തർ എയർവേസിന്റെ ബോയിങ്ങ് 787 വിമാനത്തിലാണ് വാക്സിൻ എത്തിച്ചത്.
ഡിസംബർ 23 മുതൽ ഖത്തറിൽ വാക്സിനേഷൻ നടപടികൾ ആരംഭിക്കുന്നു
ഖത്തറിലെ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങൾ ഡിസംബർ 23, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന്, രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കുന്ന നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക്ക് ഗ്രൂപ്പ് അദ്ധ്യക്ഷന്‍ അബ്ദുലത്തീഫ് അൽ ഖാൽ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിലെ മുഴുവൻ നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഡിസംബർ 23 മുതൽ ജനുവരി 31 വരെയുള്ള ആദ്യ ഘട്ട വാക്സിനേഷനിൽ 70 വയസ്സിനു മുകളിൽ പ്രായമായവർ, വിട്ടുമാറാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഗുരുതര വിഭാഗങ്ങളിൽ ചികിത്സയിലുള്ളവർ, രോഗബാധയേൽക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർ മുതലായ വിഭാഗങ്ങൾക്കാണ് കുത്തിവെപ്പ് നൽകുന്നത്. വാക്സിൻ സൗജന്യമാണെന്നും, വാക്സിൻ കുത്തിവെപ്പ് നിർബന്ധമല്ലെന്നും, ജനങ്ങൾക്ക് സ്വയമേവ തിരഞ്ഞെടുക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 23-ന് ആരംഭിക്കുന്ന വാക്സിനേഷൻ നടപടികൾ 2021-ലും തുടരുമെന്ന് അൽ ഖാൽ കൂട്ടിച്ചേർത്തു.
മുൻഗണന പ്രകാരം ആദ്യം വാക്സിൻ നൽകുന്നതിന് തീരുമാനിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് ഖത്തറിലെ ഏഴു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് പ്രാരംഭ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്നവരെ ആരോഗ്യ വകുപ്പിൽ നിന്ന് ഫോൺ, SMS എന്നിവ മുഖേനെ ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർക്ക് വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ വിവരങ്ങൾ നേരിട്ട് അറിയിക്കുന്നതാണ്.
ഖത്തറിൽ താഴെ പറയുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ COVID-19 വാക്സിൻ നൽകുന്നത്:
- Al Wajba Health Centre
- Leabaib Health Center
- Al Ruwais Health Center
- Umm Slal Health Center
- Rawdat Al Khail Health Center
- Al Thumama Health Center
- Muaither Health Center