രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിക്കുന്ന വ്യക്തികൾക്ക് നിർബന്ധമാക്കിയിട്ടുള്ള ഐസൊലേഷൻ കാലാവധി ഏഴ് ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ COVID-19 രോഗബാധ സ്ഥിരീകരിക്കുന്ന വ്യക്തികൾക്ക് നിർബന്ധിത ഐസൊലേഷൻ, സിക്ക് ലീവ് എന്നിവയുടെ കാലാവധി ഖത്തറിൽ പത്ത് ദിവസമായിരുന്നു.
2022 ജനുവരി 24-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇതോടെ ഖത്തറിൽ COVID-19 പരിശോധനകളിൽ പോസിറ്റീവ് ആകുകയും, രോഗബാധ സൂചിപ്പിക്കുന്നതിനായി Ehteraz ആപ്പിലെ സ്റ്റാറ്റസ് റെഡ് ആകുകയും ചെയ്യുന്ന വ്യക്തികൾക്ക് 7 ദിവസത്തെ സിക്ക് ലീവിന് അർഹതയുണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇവർ ഏഴാം ദിവസം മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു ആന്റിജൻ പരിശോധന നടത്തേണ്ടതാണ്.
ഈ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരുടെ Ehteraz ആപ്പിലെ സ്റ്റാറ്റസ് ഗ്രീൻ ആയി മാറുന്നതാണ്. ഇവർക്ക് എട്ടാം ദിവസം ഐസൊലേഷൻ അവസാനിപ്പിക്കാവുന്നതും, ജോലിയിൽ തിരികെ പ്രവേശിക്കാവുന്നതുമാണ്.
ഏഴാം ദിവസം നടത്തുന്ന ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർ മൂന്ന് ദിവസത്തേക്ക് കൂടി ഐസൊലേഷനിൽ തുടരേണ്ടതാണ്. ഇവർക്ക് മൂന്ന് ദിവസത്തേക്ക് കൂടി അവധി നൽകുന്നതാണ്. ഇവർക്ക് പതിനൊന്നാം ദിവസം ഐസൊലേഷൻ അവസാനിപ്പിക്കാവുന്നതാണ്. ഇവർ ഐസൊലേഷൻ അവസാനിപ്പിക്കുന്നതിനായി പത്താം ദിനത്തിൽ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ ഏറ്റവും പുതിയ പട്ടിക (2022 ജനുവരി 14-ന് പ്രസിദ്ധീകരിച്ചിട്ടുള്ളത്) താഴെ നൽകിയിട്ടുള്ള വിലാസത്തിൽ നിന്ന് ലഭ്യമാണ്. ഇത്തരം കേന്ദ്രങ്ങളിൽ നടത്തുന്ന റാപിഡ് ആന്റിജൻ ടെസ്റ്റുകൾ ‘Ehteraz’ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്.