ഖത്തർ: സുരക്ഷാ മുൻകരുതലുകളോടെ രാജ്യത്തെ സിനിമാശാലകൾ തുറന്നു

Qatar

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 1 മുതൽ കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഖത്തറിലെ സിനിമാശാലകളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പരമാവധി ശേഷിയുടെ 15 ശതമാനം സന്ദർശകർക്ക് പ്രവേശനം നൽകുന്ന രീതിയിലാണ് സിനിമാശാലകൾ, തീയറ്ററുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.

18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമാണ് നിലവിൽ സിനിമാശാലകളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കൊറോണ വൈറസ് സാഹചര്യത്തിൽ മാർച്ച് മാസം മുതൽ ഖത്തറിലെ സിനിമാശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു.

നാലാം ഘട്ടത്തിലെ ഇളവുകൾ രണ്ട് ഭാഗങ്ങളായി നടപ്പിലാക്കാൻ തീരുമാനിച്ചതായും, ഇതിന്റെ ആദ്യ ഭാഗം ഇളവുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്നതാണെന്നും ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. നാലാം ഘട്ട ഇളവുകളുടെ ഒന്നാം ഭാഗം സെപ്റ്റംബർ 1 മുതൽ നടപ്പിലാക്കിയ ശേഷം, രാജ്യത്തെ സാഹചര്യങ്ങൾ സെപ്റ്റംബർ പകുതിവരെ തുടർച്ചയായി വിശകലനം ചെയ്‌ത ശേഷം, സുപ്രീം കമ്മിറ്റി ഇളവുകൾ സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്.