രാജ്യത്തിനു പുറത്തുള്ള, ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കും ഇതിനായുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾക്ക് ഓഗസ്റ്റ് 1 മുതൽ ഓൺലൈനിലൂടെ അപേക്ഷ നൽകാവുന്നതാണ്. ഇത്തരത്തിൽ രാജ്യത്തിനു പുറത്തുള്ളവർക്ക്, ഖത്തറിലേക്ക് തിരികെയെത്താനുള്ള അനുമതിക്കായി ‘ഖത്തർ പോർട്ടൽ’ വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
https://portal.www.gov.qa/wps/portal/qsports/home എന്ന വിലാസത്തിൽ ഓഗസ്റ്റ് 1 മുതൽ ഈ പെർമിറ്റ് സംവിധാനം നിലവിൽ വരുന്നതാണ്. രാജ്യത്തിനു പുറത്തുള്ള റെസിഡൻസ് വിസക്കാർക്ക് തിരികെ എത്തുന്നതിനു ‘Exceptional Entry Permit’ എന്ന താത്കാലിക സേവനം ഈ വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നതാണ്. ഇത്തരത്തിൽ പെർമിറ്റ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമായിരിക്കും ഖത്തറിലേക്ക് യാത്ര ചെയ്യാൻ കഴിയുക.
ഖത്തർ റെസിഡൻസി വിസകളിലുളളവർക്ക് ഈ സംവിധാനത്തിലൂടെ QID, മൊബൈൽ നമ്പർ, വ്യക്തി വിവരങ്ങൾ എന്നിവ നൽകിയ ശേഷം പെർമിറ്റുകൾക്ക് അപേക്ഷിക്കാം. എൻട്രി പെർമിറ്റ് അനുവദിക്കുന്നവർക്ക് ഇത് സംബന്ധിച്ച സന്ദേശം ഇമെയിലിലൂടെ ലഭിക്കുന്നതാണ്. യാത്ര വേളയിൽ ഈ പെർമിറ്റിന്റെ ഒരു പ്രിൻറ് കോപ്പി കൈവശം കരുതേണ്ടതാണ്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ 109 (ഖത്തറിനു അകത്ത് നിന്ന്) അല്ലെങ്കിൽ +974 44069999 (പുറത്തു നിന്ന്) എന്നീ നമ്പറുകളിൽ ലഭിക്കുന്നതാണ്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, നിവാസികളുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഖത്തർ മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ പുതിയ തീരുമാനങ്ങൾ പ്രകാരം ഖത്തറിലെ പൗരന്മാർക്കും, റെസിഡൻസി വിസകളിലുള്ളവർക്കും രാജ്യത്തിനു പുറത്തേക്കും, തിരികെയും യാത്രചെയ്യുന്നതിനും, നിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാർക്ക് ഓഗസ്റ്റ് 1 മുതൽ ഏതാനം നിബന്ധനകൾക്ക് വിധേയമായി ഖത്തറിൽ തിരികെയെത്തുന്നതിനും അനുവാദം നൽകാൻ തീരുമാനിച്ചതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിച്ചിരുന്നു.