ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രം 2021 ജൂൺ 29-ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. അൽ വക്രയിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം 2021 ജൂൺ 30-ന് പ്രവർത്തനം അവസാനിപ്പിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ വാണിജ്യ, വ്യവസായ മേഖലയിലെ വാക്സിനേഷൻ നടപടികൾ ത്വരിതപ്പടുത്തുന്നതിനായുള്ള ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്ടർ പ്രവർത്തനമാരംഭിച്ച സാഹചര്യത്തിലാണ് മറ്റു കേന്ദ്രങ്ങൾ നിർത്തലാക്കുന്നത്. ലുസൈൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം ജൂൺ 23-ന് നിർത്തലാക്കിയിരുന്നു.
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്ടർ ആരംഭിച്ചിട്ടുള്ളത്. ഏതാണ്ട് മൂന്ന് ലക്ഷം സ്‌ക്വയർ മീറ്ററിൽ ഒരുക്കിയിട്ടുള്ള ഈ വാക്സിനേഷൻ കേന്ദ്രം ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നാണെന്ന് കരുതുന്നത്. 300 വാക്സിനേഷൻ സ്റ്റേഷനുകലുള്ള ഈ കേന്ദ്രത്തിൽ സേവനങ്ങൾ നൽകുന്നതിനായി 700 ജീവനക്കാരുണ്ട്. ഈ കേന്ദ്രത്തിൽ നിന്ന് പ്രതിദിനം 25000 ഡോസ് കുത്തിവെപ്പുകൾ നൽകുന്നതിനുള്ള ശേഷിയുണ്ട്.