ഖത്തർ: സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്ന നാലാം ഘട്ട ഇളവുകൾ രണ്ട് തവണകളായി നടപ്പിലാക്കാൻ തീരുമാനം

GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകൾ രണ്ട് ഭാഗങ്ങളായി നടപ്പിലാക്കാൻ തീരുമാനിച്ചതായി ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് അറിയിച്ചു. ഇതിന്റെ ആദ്യ ഭാഗം ഇളവുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്നതാണെന്നും കമ്മിറ്റി വ്യക്തമാക്കി.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തെ പൗരന്മാരും, നിവാസികളും പുലർത്തിയ സഹകരണത്തിലും, പ്രതിബദ്ധതയിലും സുപ്രീം കമ്മിറ്റി അഭിനന്ദനമറിയിച്ചു. രാജ്യത്ത് അനുവദിക്കുന്ന ഇളവുകൾ ഫലപ്രദമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് നാലാം ഘട്ടത്തിലെ ഇളവുകൾ രണ്ട് ഭാഗങ്ങളായി നടപ്പിലാക്കുന്നത്.

നാലാം ഘട്ട ഇളവുകളുടെ ഒന്നാം ഭാഗം സെപ്റ്റംബർ 1 മുതൽ നടപ്പിലാക്കിയ ശേഷം, രാജ്യത്തെ സാഹചര്യങ്ങൾ സെപ്റ്റംബർ പകുതിവരെ തുടർച്ചയായി വിശകലനം ചെയ്‌ത ശേഷം, സുപ്രീം കമ്മിറ്റി ഇളവുകൾ സംബന്ധിച്ച് കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയ ശേഷം നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം സെപ്റ്റംബർ മൂന്നാമത്തെ ആഴ്ചയുടെ തുടക്കം മുതൽ നടപ്പിലാക്കുന്നതാണ്.

നാലാം ഘട്ട ഇളവുകളുടെ ഒന്നാം ഭാഗത്തിൽ നടപ്പിലാക്കുന്ന പ്രധാന തീരുമാനങ്ങൾ:

  • രാജ്യത്തെ എല്ലാ പള്ളികളും ദൈനംദിന പ്രാർത്ഥനകൾക്കും, വെള്ളിയാഴ്ച പ്രാർത്ഥനകൾക്കുമായി തുറക്കും. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും പള്ളികൾ തുറക്കുന്നത്. ശുചിമുറികൾ, ദേഹശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ തുറക്കില്ല.
  • പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലിടങ്ങളിൽ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം 80 ശതമാനമാക്കി നിലനിർത്തിയിട്ടുള്ള തീരുമാനം തുടരും.
  • തുറന്ന പ്രദേശങ്ങളിൽ 30 പേർ വരെയും, കെട്ടിടങ്ങൾക്കകത്ത് 15 പേർ വരെയും കൂട്ടം ചേരുന്നതിനു അനുമതി നൽകും.
  • തുറന്ന ഇടങ്ങളിൽ പരമാവധി 80 പേരും, അടച്ചിട്ട മുറികളിൽ പരമാവധി 40 പേരും വരെ പങ്കെടുക്കാവുന്ന വിവാഹ ചടങ്ങുകൾക്ക് അനുവാദം നൽകും. ഖത്തറിലെ COVID-19 ട്രാക്കിംഗ് ആപ്പ്, സമൂഹ അകലം, വിരുന്നിനായി ഉപയോഗിക്കുന്ന മേശകൾ തമ്മിൽ 2 മീറ്റർ അകലം, ഒരു മേശയിൽ പരമാവധി 5 പേർ മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഇത്തരം ചടങ്ങുകൾക്ക് അനുവാദം നൽകുന്നത്. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. അഭിവാദനം ചെയ്യുന്നതിന് ഹസ്‌തദാനം ഉൾപ്പടെയുള്ള രീതികൾ ഒഴിവാക്കണം.
  • പരമാവധി ശേഷിയുടെ 15 ശതമാനം സന്ദർശകർക്കായി സിനിമാശാലകൾ, തീയറ്ററുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവാദം നൽകും. 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രം പ്രവേശനം.
  • കളിസ്ഥലങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവ തുറക്കില്ല.
  • നാഷണൽ ടൂറിസം കൗൺസിലിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പ്രാദേശിക പ്രദർശനങ്ങൾക്ക് അനുമതി. പരമാവധി ശേഷിയുടെ 30 ശതമാനം സന്ദർശകർക്ക് പ്രവേശനം നൽകാം.
  • മെട്രോ ഉൾപ്പടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കും. പരമാവധി ശേഷിയുടെ 30 ശതമാനം യാത്രികർക്ക് അനുവാദം.
  • ഡ്രൈവിംഗ് സ്‌കൂളുകൾക്ക് പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് സേവനങ്ങൾ നൽകാം.
  • സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി.
  • മാളുകളിൽ സാധാരണ പ്രവർത്തന സമയം തുടരും.
  • റെസ്ടാറന്റുകളിൽ 30 ശതമാനം ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകാം.
  • മ്യൂസിയം, ലൈബ്രറി എന്നിവ സാധാരണ രീതിയിൽ പ്രവർത്തിക്കാം.