ഖത്തർ: COVID-19 നിയന്ത്രണങ്ങളിൽ ജൂൺ 15 മുതൽ ഇളവുകൾ; നാലു ഘട്ടങ്ങളിലായി നടപ്പിലാക്കും

Family & Lifestyle GCC News

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിൽ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങളിൽ, നാല് ഘട്ടങ്ങളിലായി ഇളവുകൾ കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചു. ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് ഔദ്യോഗിക വക്താവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വിർച്യുൽ പത്ര സമ്മേളനത്തിലൂടെ അറിയിച്ചത്. ജൂൺ 15 മുതൽ നാല് ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുക.

ജൂലൈ 1, ഓഗസ്റ്റ് 1, സെപ്തംബർ 1 എന്നീ തീയതികളിൽ ഈ ഇളവുകളുടെ രണ്ട് മുതലുള്ള ഘട്ടങ്ങൾ യഥാക്രമം നടപ്പിലാക്കും.

ഖത്തറിൽ ജൂൺ 15 മുതൽ 4 ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ സംബന്ധിച്ച വിവരങ്ങൾ:

ഒന്നാം ഘട്ടം – ജൂൺ 15 മുതൽ

  • ഏതാനം പള്ളികൾക്ക് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി, തുറക്കാനുള്ള അനുമതി നൽകും.
  • ഈ ഘട്ടത്തിൽ ദോഹയിൽ നിന്ന് അടിയന്തിര വിമാന സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി നൽകുക. രാജ്യത്ത് ഈ കാലയളവിൽ തിരിച്ചെത്തുന്നവർ നിർബന്ധമായും 2 ആഴ്ച്ച സർക്കാർ നിർദ്ദേശിക്കുന്ന ഹോട്ടലിൽ ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇതിന്റെ ചെലവുകൾ യാത്രികർ വഹിക്കേണ്ടിവരുമെന്നാണ് നിലവിൽ അറിയിച്ചിട്ടുള്ളത്.
  • കായിക പരിശീലനങ്ങൾക്ക് തുറന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ അനുമതി നൽകും.
  • തിരഞ്ഞെടുത്ത സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 40% രോഗികൾക്ക് ചികിത്സകൾ അനുവദിക്കും.
  • വാണിജ്യ കേന്ദ്രങ്ങളിലെ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകും. പരമാവധി ശേഷിയുടെ 30 ശതമാനം പേർക്കായിരിക്കും പ്രവേശനം.
  • തൊഴിലിടങ്ങളിൽ 20 ശതമാനം ജീവനക്കാർക്ക് കർശന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയരായി പ്രവേശനം നൽകും.

രണ്ടാം ഘട്ടം – ജൂലൈ 1 മുതൽ

  • പരമാവധി 10 പേർക്ക് വരെ ഒത്തുചേരുന്നതിനു അനുമതി നൽകും.
  • കൂടുതൽ പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കും.
  • പാർക്കുകൾ, ബീച്ചുകൾ മുതലായവ തുറക്കും.
  • തിരഞ്ഞെടുത്ത സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 60% രോഗികൾക്ക് ചികിത്സകൾ അനുവദിക്കും.
  • നിയന്ത്രണങ്ങളോടെ എല്ലാ വാണിജ്യ കേന്ദ്രങ്ങളും തുറക്കാൻ അനുമതി.
  • മൊത്തവ്യാപാര ചന്തകൾ തുറക്കാം.
  • നിയന്ത്രണങ്ങളോടെ റെസ്ടാറന്റുകൾ തുറക്കാം.
  • മ്യൂസിയം, ലൈബ്രറി എന്നിവ തുറക്കും.
  • തൊഴിലിടങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് കർശന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയരായി പ്രവേശനം നൽകും.

മൂന്നാം ഘട്ടം – ഓഗസ്റ്റ് 1 മുതൽ

  • പരമാവധി 40 പേർ വരെ ഒത്തുചേരുന്ന ചടങ്ങുകൾക്ക് അനുമതി.
  • 54 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ അനുവദിക്കും.
  • രോഗബാധ രൂക്ഷമല്ലാത്ത പ്രദേശങ്ങളിൽ നിന്ന് മുൻഗണന ഉള്ള യാത്രികരുമായുള്ള (നിലവിൽ ഖത്തറിനു പുറത്തുള്ള നിവാസികൾ ഉൾപ്പടെ) വിമാനങ്ങൾക്ക് ഖത്തറിൽ പ്രവേശിക്കാൻ അനുമതി നൽകും.
  • ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കും.
  • കളിയിടങ്ങൾ തുറക്കാൻ അനുവാദം നൽകും. 40 പേർ വരെയുള്ള സംഘങ്ങൾക്ക് കായിക ഇനങ്ങൾ പരിശീലിക്കാൻ അനുമതി. 40 പേരിൽ താഴെ പങ്കെടുക്കുന്ന കായിക മത്സരങ്ങൾക്ക് അനുമതി നൽകും. എന്നാൽ ഇത്തരം മത്സരങ്ങൾക്ക് കാണികളെ അനുവദിക്കില്ല.
  • തിരഞ്ഞെടുത്ത സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 80% രോഗികൾക്ക് ചികിത്സകൾ അനുവദിക്കും.
  • നഴ്സറികൾ, ഡേകെയർ സ്ഥാപനങ്ങൾ എന്നിവ തുറക്കാം.
  • മാളുകൾ പൂർണ്ണമായും തുറക്കാം.
  • റെസ്ടാറന്റുകളിൽ ആളുകളുടെ അളവ് കൂട്ടുന്നതിന് അനുവാദം നൽകും.
  • പരമാവധി ശേഷിയുടെ 50% ആളുകളുമായി ഹെൽത്ത് ക്ളബുകൾ, ജിം, നീന്തൽ കുളങ്ങൾ എന്നിവ തുറക്കാം.
  • ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ് എന്നിവ തുറക്കാം (പരമാവധി ശേഷിയുടെ 50%).
  • തൊഴിലിടങ്ങളിൽ 80 ശതമാനം ജീവനക്കാർക്ക് കർശന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയരായി പ്രവേശനം നൽകും.

നാലാം ഘട്ടം – സെപ്തംബർ 1 മുതൽ

  • വിവാഹം, വാണിജ്യ പരിപാടികൾ, കോൺഫറൻസുകൾ മുതലായ ആളുകൾ ഒത്തുചേരുന്ന ചടങ്ങുകൾക്ക് അനുമതി.
  • പള്ളികളിൽ പൂർണമായും പ്രവേശനം.
  • തീയറ്ററുകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമ ശാലകൾ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാം.
  • മെട്രോ, ബസ് മുതലായ പൊതു ഗതാഗത സംവിധാനങ്ങൾ നിയന്ത്രണങ്ങളോടെ അനുവദിക്കും.
  • ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകും.
  • വേനൽക്കാല ക്യാമ്പുകൾ, കാണികളോടെയുള്ള കായിക വിനോദങ്ങൾ എന്നിവയ്ക്ക് അനുമതി.
  • തിരഞ്ഞെടുത്ത സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പൂർണമായും പ്രവർത്തനാനുമതി.
  • പുതിയ അദ്ധ്യയന വർഷം ആരംഭിക്കും.
  • മ്യൂസിയം, ലൈബ്രറി, മാളുകൾ മുതലായവ പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാം.
  • ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ്, ഹെൽത്ത് ക്ലബുകൾ, ജിം മുതലായ ഇടങ്ങളിൽ പൂർണ്ണമായ പ്രവർത്തനാനുമതി.
  • തൊഴിലിടങ്ങളിൽ മുഴുവൻ ജീവനക്കാർക്കും കർശന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയരായി പ്രവേശനം നൽകും.

ഇളവുകൾ വിജയകരമായി നടപ്പിലാക്കണമെങ്കിൽ, പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വത്തോടെയുള്ള പിന്തുണ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇളവുകൾ കൊണ്ടുവരുന്നത് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കാനുള്ള അവസരമായി കാണരുതെന്നും ഖത്തറിലെ പൊതുസമൂഹത്തോട് അധികൃതർ ആവശ്യപ്പെട്ടു.