2021 ഏപ്രിൽ 29, വ്യാഴാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്നും, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും ഈ തീരുമാനം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 26-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്കാണ് ഏപ്രിൽ 29 മുതൽ ഖത്തർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന വിമാനങ്ങളിലെ യാത്രികർക്കും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് യാത്രികരായെത്തുന്ന യാത്രികർക്കും ഈ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.
ഏപ്രിൽ 29 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രികർക്ക് ബാധകമാകുന്ന യാത്രാ നിബന്ധനകൾ:
- ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. യാത്ര പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത്തരം സാധുതയുള്ള നെഗറ്റീവ് COVID-19 PCR സർട്ടിഫിക്കറ്റുകളില്ലാത്തവരെ ഖത്തറിലേക്കുള്ള വിമാനങ്ങളിൽ പ്രവേശിപ്പിക്കുന്നതല്ല.
- ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികരും നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനു വിധേയരാകേണ്ടതാണ്. പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീനും, ‘Mekaines/Mukaynis’ കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
- ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഹോം ക്വാറന്റീൻ അനുവദിക്കുന്നതല്ല. COVID-19 രോഗമുക്തരായവർ, COVID-19 വാക്സിനിന്റ എല്ലാ ഡോസുകളും പൂർത്തിയാക്കിയവർ എന്നീ വിഭാഗങ്ങൾക്ക് ക്വാറന്റീൻ ഒഴിവാക്കിയിട്ടുള്ള ഇളവുകൾ ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ ബാധകമല്ല.
- ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികരും, രാജ്യത്ത് പ്രവേശിച്ച ശേഷം ഒരു ദിവസത്തിനുള്ളിൽ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ഒരു തവണ കൂടി COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ക്വാറന്റീൻ വേളയിലും, ക്വാറന്റീൻ അവസാനിപ്പിക്കുന്നതിന് മുൻപായും വീണ്ടും COVID-19 PCR ടെസ്റ്റ് നടത്തുന്നതാണ്.
- ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന, ഖത്തറിലൂടെ ട്രാൻസിറ്റ് യാത്രികരായ സഞ്ചരിക്കുന്നവർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇവർക്ക് ഖത്തർ എയർപോർട്ടിൽ നിന്ന് യാത്ര തുടരേണ്ട രാജ്യത്ത് പ്രവേശിക്കുന്നതിന് COVID-19 PCR ടെസ്റ്റ് ആവശ്യമാണെങ്കിൽ 300 റിയാൽ നൽകി കൊണ്ട് ഹമദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് തന്നെ ഈ ടെസ്റ്റ് നടത്താവുന്നതാണ്.
ഈ നിർദേശങ്ങൾ ഏപ്രിൽ 29-ന് 12:00 am (ദോഹ സമയം) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതാണെന്നും ഖത്തർ ആരോഗ്യ മന്ത്രലയം വ്യക്തമാക്കിയിട്ടുണ്ട്.