ഖത്തർ: 2022 ജനുവരി 30 മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം

GCC News

രാജ്യത്തെ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2022 ജനുവരി 30, ഞായറാഴ്ച്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലെയും മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.

ഖത്തർ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങളാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്:

  • രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ 100 ശതമാനം വിദ്യാർത്ഥികളും അധ്യയനത്തിനായി നേരിട്ട് ഹാജരാകുന്ന രീതി 2022 ജനുവരി 30 മുതൽ നടപ്പിലാക്കുന്നതാണ്. COVID-19 മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
  • രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും (എല്ലാ ക്‌ളാസുകളിലെയും വിദ്യാർത്ഥികൾക്ക് ബാധകം) ആഴ്ച്ച തോറും ഒരു റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കുന്നതാണ്. ഈ പരിശോധന വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്ന് നടത്തേണ്ടതാണ്. സ്‌കൂളുകളിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള ഈ പരിശോധനാ ഫലം അനുസരിച്ചായിരിക്കും വിദ്യാർത്ഥികൾക്ക് സ്‌കൂൾ കെട്ടിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
  • ഈ ആന്റിജൻ പരിശോധന വിദ്യാർത്ഥികൾ വാരാന്ത്യങ്ങളിൽ (ഓരോ ആഴ്ച്ചയും വെള്ളി, അല്ലെങ്കിൽ ശനി ദിവസങ്ങളിൽ) തങ്ങളുടെ വീടുകളിൽ നിന്ന് നടത്തേണ്ടതാണ്.
  • തുടർന്ന് വിദ്യാർത്ഥികൾ ഈ പരിശോധയുടെ നെഗറ്റീവ് ഫലം ഒരു നിശ്ചിത ഫോമിൽ രക്ഷിതാവിന്റെ സാക്ഷ്യപ്പെടുത്തലോട് കൂടി ഹാജരാക്കേണ്ടതാണ്. ഈ ഫോം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനങ്ങളിൽ നിന്ന് ലഭ്യമാണ്.
  • ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്ന വിദ്യാർത്ഥികൾ അടുത്തുള്ള ആരോഗ്യപരിചരണ കേന്ദ്രത്തിൽ നിന്ന് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തേണ്ടതാണ്. രോഗബാധ സ്ഥിരീകരിക്കുന്ന വിദ്യാർത്ഥികൾ ഐസൊലേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ആരോഗ്യ സ്ഥിതി അനുവദിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കാലയളവിൽ ഓൺലൈൻ പഠനം തുടരാവുന്നതാണ്.
  • പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശോധനകൾ നടത്തുന്നതിനുള്ള റാപിഡ് ആന്റിജൻ കിറ്റുകൾ സ്കൂളുകൾ വഴി വിതരണം ചെയ്യുന്നതാണ് (ജനുവരി 27 മുതൽ).