വിദേശത്ത് നിന്നെത്തുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള COVID-19 പ്രവേശന മാനദണ്ഡങ്ങളിൽ 2022 സെപ്റ്റംബർ 4 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റ് 31-ന് രാത്രിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, സെപ്റ്റംബർ 4 മുതൽ ഖത്തറിലെത്തുന്ന എല്ലാ യാത്രികർക്കും (COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർ ഒഴികെ) നിലവിൽ ബാധകമാക്കിയിട്ടുള്ള ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥകൾ ഒഴിവാക്കുന്നതാണ്. 2022 സെപ്റ്റംബർ 4, ഞായറാഴ്ച വൈകീട്ട് 6 മണി (ഖത്തർ സമയം) മുതലാണ് ഈ പുതുക്കിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന വ്യവസ്ഥകൾ ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് (അവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ തന്നെ) യാത്ര പുറപ്പെടുന്നതിന് മുൻപും, ഖത്തറിലെത്തിയ ശേഷവുമുള്ള COVID-19 ടെസ്റ്റിംഗ് നിബന്ധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ താഴെ പറയുന്ന COVID-19 ടെസ്റ്റിംഗ് നിബന്ധനകൾ പാലിക്കേണ്ടതാണ്:
- യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ്, ഖത്തറിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR ടെസ്റ്റ് നെഗറ്റീവ് റിസൾട്ട്, അല്ലെങ്കിൽ യാത്ര പുറപ്പെടുന്നതിന് മുൻപ്, ഖത്തറിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് മുൻപ് 24 മണിക്കൂറിനിടയിൽ നേടിയ റാപിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- യാത്രികർ ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനിടയിൽ ഖത്തറിലെ ഏതെങ്കിലും പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നോ, അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്ററിൽ നിന്നോ ഒരു റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതാണ്.