ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ നിർദ്ദേശങ്ങൾ, ക്വാറന്റീൻ നിർദ്ദേശങ്ങൾ മുതലായവ നടപ്പിലാക്കുന്നതിനു മാനദണ്ഡമാകുന്ന രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി. ഖത്തറിലേയും, മറ്റു രാജ്യങ്ങളിലെയും കൊറോണ വൈറസ് സാഹചര്യങ്ങൾക്കനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്. ഓഗസ്റ്റ് 15, ശനിയാഴ്ച്ച മുതൽ ഈ പുതിയ പട്ടിക നിലവിൽ വരുന്നതാണ്.
രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ഖത്തറിൽ പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റിംഗ് നടത്തുന്നതാണ്. ഇത്തരം യാത്രികർ ഒരാഴ്ച്ച ഹോം ക്വാറന്റീനിൽ തുടർന്നുകൊള്ളാം എന്ന പ്രതിജ്ഞാപത്രം ഒപ്പിട്ടു നൽകുകയും വേണം. ഒരാഴ്ചയ്ക്ക് ശേഷം ഇവർക്ക് ഒരു തവണ കൂടി കൊറോണ വൈറസ് പരിശോധന നടത്തുന്നതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതും, നെഗറ്റീവ് ആകുന്നവർക്ക് വീണ്ടും ഒരു ആഴ്ച്ച കഴിയുന്നതോടെ ക്വാറന്റീൻ കാലാവധി അവസാനിക്കുന്നതുമാണ്.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ആ രാജ്യങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ, അത്തരം കേന്ദ്രങ്ങളിൽ നിന്ന് യാത്രയ്ക്ക് മുൻപ് 48 മണിക്കൂറിനുള്ളിൽ ലഭ്യമായ COVID-19 നെഗറ്റീവ് റിസൾട്ടുമായി ഖത്തറിൽ പ്രവേശിക്കാവുന്നതാണ്. ഇത്തരം രാജ്യങ്ങളിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇല്ലെങ്കിൽ യാത്രികർ ഖത്തറിൽ പ്രവേശിച്ച ശേഷം ഒരാഴ്ച്ച സ്വന്തം ചെലവിൽ അധികൃതർ നിർദ്ദേശിക്കുന്ന ഹോട്ടലുകളിൽ ക്വാറന്റീനിൽ തുടരേണ്ടതാണ്.
രോഗസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് COVID-19 നെഗറ്റീവ് റിസൾട്ടുമായോ, അല്ലാതെയോ എത്തുന്ന ഈ രണ്ട് വിഭാഗം യാത്രികർക്കും ഒരാഴ്ചത്തെ ക്വാറന്റീനിനു ശേഷം, ഒരു തവണ കൂടി കൊറോണ വൈറസ് പരിശോധന നടത്തുന്നതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതും, നെഗറ്റീവ് ആകുന്നവർ വീണ്ടും ഒരു ആഴ്ച്ച കൂടി ഹോം ക്വാറന്റീനിൽ തുടരേണ്ടതുമാണ്.
ഈ പട്ടികയിൽ സാഹചര്യങ്ങൾക്കനുസരിച്ച് ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്താവുന്നതാണ്.
ഓഗസ്റ്റ് 15 മുതൽ നിലവിൽ വരുന്ന രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക താഴെ നൽകിയിട്ടുണ്ട്:
| S No. | Countries |
|---|---|
| 1 | Brunei Darussalam |
| 2 | Thailand |
| 3 | China |
| 4 | New Zealand |
| 5 | Vietnam |
| 6 | Malaysia |
| 7 | South Korea |
| 8 | Cuba |
| 9 | Hungary |
| 10 | Finland |
| 11 | Latvia |
| 12 | Estonia |
| 13 | Norway |
| 14 | Italy |
| 15 | Lithuania |
| 16 | Greece |
| 17 | Slovakia |
| 18 | Ireland |
| 19 | Germany |
| 20 | Slovenia |
| 21 | Japan |
| 22 | Denmark |
| 23 | Cyprus |
| 24 | United Kingdom |
| 25 | Canada |
| 26 | Turkey |
| 27 | Poland |
| 28 | Austria |
| 29 | Algeria |
| 30 | Netherlands |
| 31 | Iceland |
| 32 | France |
| 33 | Croatia |
| 34 | Switzerland |
| 35 | Morocco |
| 36 | Australia |
| 37 | Malta |
| 38 | Portugal |
| 39 | Czechia |
| 40 | Sweden |
https://covid19.moph.gov.qa/EN/Pages/Countries-Classified-Low-Risk-of-COVID-19.aspx എന്ന വിലാസത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക ലഭ്യമാണ്. ഈ പട്ടിക ഓരോ രണ്ടാഴ്ച്ച തോറും ആഗോള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുതുക്കുന്നതാണ്. ഖത്തറിലേക്കുള്ള യാത്ര തീയതിക്ക് മുൻപ്, ഏറ്റവും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ഈ പട്ടികയിലെ രാജ്യങ്ങളിൽ താമസിച്ചിരുന്നവർക്ക് മാത്രമാണ്, രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കുന്നതിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്.

