യു എ ഇയിലെ ജ്യോതിശാസ്ത്ര കുതുകികളെയും വാനനിരീക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കാൻ പുതുവർഷത്തിൽ ഉൽക്കമഴ എത്തുന്നു. 2021 ജനുവരി 3, ഞായറാഴ്ച്ച രാത്രി മുതൽ ജനുവരി 4, തിങ്കളാഴ്ച്ച പുലർകാലം വരെ ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷം യു എ ഇയിൽ നിന്ന് നിരീക്ഷിക്കാവുന്നതാണ്.
ജനുവരിയിൽ ദൃശ്യമാകുന്ന ഏതാനം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ക്വാഡ്രാന്റിട്സ്, അതിഗംഭീരമായ ഒരു വാന ദൃശ്യാനുഭവമാണ്. സാധാരണയായി കൊള്ളിമീൻ കാഴ്ചകളിൽ ഏറ്റവും തെളിച്ചമേറിയ ഉൽക്കമഴയാണ് ജനുവരിയിൽ ദൃശ്യമാകുന്ന ക്വാഡ്രാന്റിട്സ്. യു എ ഇയിൽ ജനുവരി 3-ന് രാത്രി ഈ വാനവിസ്മയം തെളിമയോടെ നിരീക്ഷിക്കാവുന്നതാണ്.
ക്വാഡ്രാന്റിട്സ് ഉൽക്കവർഷം അനുബന്ധിച്ച് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് റാസ് അൽ ഖൈമയിലെ വാഡി ഷൗകഹിൽ 2021 ജനുവരി 3-ന് രാത്രി 8 മണി മുതൽ പാതിരാത്രി വരെ നീണ്ട് നിൽക്കുന്ന പ്രത്യേക നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ക്വാഡ്രാന്റിട്സ് ഉൽക്കവർഷത്തിന്റെ പാരമ്യത്തിൽ മണിക്കൂറിൽ 60 മുതൽ 120 വരെ ഉൽക്കകൾ ദൃശ്യമാകുന്നതാണ്.
കഴിഞ്ഞ വർഷം ജനുവരിയിൽ ക്വാഡ്രാന്റിട്സ് ഉൽക്കമഴ നിരീക്ഷിക്കാൻ ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ്, അൽ ഖുദ്ര ഡെസേർട്സിൽ പ്രത്യേക നിരീക്ഷണ പരിപാടി ഒരുക്കിയിരുന്നു. നൂറു കണക്കിന് വാനനിരീക്ഷകരും ശാത്രകുതുകികളുമാണ് ഈ പരിപാടിയിൽ പങ്കുചേർന്നത്. 2020 ഡിസംബർ 13-ന് രാത്രി മുതൽ ഡിസംബർ 14-ന് പുലർച്ച വരെ ജെമിനിഡ് ഉൽക്കമഴ യു എ ഇയിലെ വാനനിരീക്ഷകർക്ക് പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ സമ്മാനിച്ചിരുന്നു.