ഒമാൻ: മെയ് 4 വരെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യത

GCC News

ദോഫാർ ഗവർണറേറ്റിൽ 2024 മെയ് 4, ശനിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഏപ്രിൽ 30-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.

ഏപ്രിൽ 30-ന് വൈകീട്ട് മുതൽ മെയ് 4 വരെ ദോഫാർ ഗവർണറേറ്റിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും, ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മേഖലയിൽ മെയ് 2-ന് 30 മുതൽ 80 മില്ലീമീറ്റർ വരെ കനത്തിലുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത് താഴ്വരകൾ കവിഞ്ഞൊഴുകുന്നതിന് കരണമാകാമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അൽ ബുറൈമി, മുസന്ദം, അൽ ദഹിറാഹ്, അൽ ദാഖിലിയ, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, മസ്കറ്റ് തുടങ്ങിയ മേഖലകളിൽ മെയ് 2, വ്യാഴാഴ്ച മുതൽ മെയ് 4, ശനിയാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും, മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ അറിയിപ്പിൽ പറയുന്നു.

ഈ കാലയളവിൽ വൈകുന്നേരങ്ങളിൽ നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ 20 മുതൽ 60 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നതിനും, താഴ്വരകൾ കവിഞ്ഞൊഴുകുന്നതിനും കാരണമാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.