രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഓഗസ്റ്റ് 31, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 27-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഓഗസ്റ്റ് 28 മുതൽ ഓഗസ്റ്റ് 31 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനാൽ താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്.
മക്ക മേഖലയിൽ ഈ കാലയളവിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലയിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിയാദിൽ സാമാന്യം ശക്തമായ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ തുടങ്ങിയ മേഖലകളിലും ഈ കാലയളവിൽ മഴയ്ക്ക് സാധ്യതയുണ്ട്.
Cover Image: Saudi Press Agency.