സൗദി അറേബ്യ: ഒക്ടോബർ 18 വരെ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

featured GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ഒക്ടോബർ 18, ബുധനാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഒക്ടോബർ 13-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഒക്ടോബർ 14 മുതൽ 18 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, മക്ക, അസീർ, ജസാൻ, അൽ ബാഹ മുതലായ പ്രദേശങ്ങളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും, പൊടിക്കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്

മദീന, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ, അൽ ജൗഫ്, തബുക്, അൽ ശർഖിയ തുടങ്ങിയ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്‌വരകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സിവിൽ ഡിഫെൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

സൗദി അധികൃതർ നൽകുന്ന കാലാവസ്ഥാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കാനും പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Cover Image: Saudi Press Agency.