അമിത വേഗതയിൽ വാഹനനമോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നതിനായുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു. 2023 ഡിസംബർ 15-നാണ് റാസ് അൽ ഖൈമ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
‘അമിത വേഗത നിങ്ങളെടുക്കുന്ന തെറ്റായ ഒരു തീരുമാനമാണ്’ എന്ന ആശയത്തിലൂന്നിക്കൊണ്ട് നടത്തുന്ന ഈ പ്രചാരണ പരിപാടി രണ്ടാഴ്ച്ച നീണ്ട് നിൽക്കുന്നതാണ്.
റാസ് അൽ ഖൈമയിലെ റോഡുകളിൽ അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങൾ പരമാവധി കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ റോഡുകളിൽ മരണത്തിലേക്ക് നയിക്കുന്ന അപകടങ്ങളുടെ പ്രധാന കാരണം വാഹനങ്ങളുടെ അമിത വേഗതയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
തിരക്കേറിയ റോഡുകളിൽ അതീവ ജാഗ്രതയോടെ വാഹനങ്ങൾ ഓടിക്കാനും, ട്രാഫിക് നിയമങ്ങൾ പാലിക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്ക് മൂവായിരം ദിർഹം പിഴ, 23 ട്രാഫിക് ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കുന്നതാണ്.