റോഡിലെ വരികൾ മാറി വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റഡാർ പ്രവർത്തനമാരംഭിച്ചതായി റാസ് അൽ ഖൈമ പോലീസ്

GCC News

റോഡിൽ അച്ചടക്കം പാലിക്കാതെ, അപകടങ്ങൾക്കിടയാക്കുന്ന രീതിയിൽ അശ്രദ്ധമായോ, നിയമപരമല്ലാതെയോ വരികൾ തെറ്റിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റഡാർ സംവിധാനങ്ങൾ എമിറേറ്റിലുടനീളം പ്രവർത്തനമാരംഭിച്ചതായി റാസ് അൽ ഖൈമ പോലീസ് വ്യക്തമാക്കി. റോഡിലെ വരികൾ സംബന്ധിച്ച് നിർബന്ധമായും പാലിക്കേണ്ടതായ നിയമങ്ങൾ മറികടക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായാണ് റഡാർ സഹായത്തോടെ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങൾ എമിറേറ്റിലെ പാതകളിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.

ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക ഉപകരണങ്ങൾ എല്ലാ ട്രാഫിക് സിഗ്നൽ കവലകളിലും സ്ഥാപിച്ചതായും, ഇവ പ്രവർത്തനമാരംഭിച്ചതായും റാസ് അൽ ഖൈമ പോലീസിലെ ട്രാഫിക്ക് ആൻഡ് പെട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് അൽ സും അൽ നഖ്‌ബി വ്യക്തമാക്കി. ഇവ റോഡിലെ വരികൾ സംബന്ധിച്ച് പാലിക്കേണ്ട അച്ചടക്കങ്ങളിലെ ലംഘനങ്ങൾ കണ്ടെത്തുകയും, ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 86 പ്രകാരമുള്ള ശിക്ഷാ നടപടികൾ കൈകൊള്ളുന്നതിനു അധികൃതരെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

റോഡിൽ നിർബന്ധമായും പാലിക്കേണ്ടതായ വരികൾ സംബന്ധിച്ച നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാഫിക് സിഗ്നലുകൾ, ട്രാഫിക് സൂചനകൾ, നിർദ്ദേശങ്ങൾ മുതലായവ കർശനമായി പാലിക്കാനും അദ്ദേഹം ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.

റോഡുകളിൽ സഞ്ചരിക്കുന്ന മുഴുവൻ പേരുടെയും സുരക്ഷയ്ക്കായി ട്രാഫിക് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, റോഡ് സുരക്ഷാ നിയമങ്ങൾ അനുസരിക്കാനും അദ്ദേഹം ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ട്രാഫിക്ക് സിഗ്നലുകളിൽ പുതിയതായി സ്ഥാപിച്ചിട്ടുള്ള റഡാർ സംവിധാനങ്ങൾ താഴെ പറയുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി:

  • ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നത്.
  • ട്രാഫിക് സിഗ്നൽ കവലകളിൽ കൂടിയ വേഗതയിൽ വാഹനമോടിച്ച് കടന്ന് പോകുന്നത് (ഗ്രീൻ സിഗ്നൽ ഉള്ള സമയങ്ങളിൽ ഉൾപ്പടെ).
  • സിഗ്‌നൽ കവലകളിൽ നിന്ന് മറ്റൊരു ദിശയിലേക്ക് തിരിയുന്ന വാഹനങ്ങൾ നിർബന്ധമായും പുലർത്തേണ്ട വരികൾ സംബന്ധിച്ചുള്ള നിയമങ്ങളുടെ ലംഘനം.

ഇത്തരം എല്ലാ നിയമലംഘനങ്ങളും ഈ സംവിധാനം നിരീക്ഷിക്കുകയും, ദൃശ്യങ്ങളിൽ പകർത്തി സൂക്ഷിക്കുന്നതുമാണെന്ന് അദ്ദേഹം ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി. ട്രാഫിക് സിഗ്നൽ കവലകളിൽ ഇടത്തോട്ടോ, വലത്തോട്ടോ തിരിയേണ്ട വാഹനങ്ങൾ, അവയ്ക്ക് നിയമപരമായി നിശ്ചയിച്ച വരികളിലൂടെ മാത്രം തിരിയേണ്ടതാണെന്നും, വരികൾ തെറ്റിച്ച് കൊണ്ട് തിരിയരുതെന്നും ബ്രിഗേഡിയർ അൽ നഖ്‌ബി മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ഒഴിവാക്കുന്നതിനും, മനുഷ്യ ജീവന്റെ സംരക്ഷണത്തിനുമായാണ് ഇത്തരം നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.