റാസ് അൽ ഖൈമയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായും, 100% വിദൂര പഠനസമ്പ്രദായം ഏർപ്പെടുത്തിയതായും യു എ ഇ വിദ്യാഭ്യാസ മന്ത്രാലയവും, എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗവും അറിയിച്ചു. ഫെബ്രുവരി 14-ന് വൈകീട്ടാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
റാസ് അൽ ഖൈമയിലെ നഴ്സറികൾക്കും, സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന മുഴുവൻ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. ഈ തീരുമാനപ്രകാരം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ റാസ് അൽ ഖൈമയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഓൺലൈൻ പഠനരീതി തുടരുന്നതാണ്. COVID-19 പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഉം അൽ കുവൈനിലെ മുഴുവൻ വിദ്യാലയങ്ങളിലെയും പഠനരീതി 100 ശതമാനം ഓൺലൈൻ സമ്പ്രദായത്തിലേക്ക് മാറ്റുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ അജ്‌മാനിലെ മുഴുവൻ വിദ്യാലയങ്ങളിലും, ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങളിലും ഓൺലൈൻ പഠനരീതി ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രാലയം അറിയിച്ചിരുന്നു.