നാലാമത് ഹൈലാൻഡർ അഡ്വഞ്ചർ 2025 ഫെബ്രുവരിയിൽ നടത്തുമെന്ന് റാസൽഖൈമ ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റി (RAKTDA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ ഇൻ്റർനാഷണൽ ഹൈക്കിംഗ് അസോസിയേഷനായ ഹൈലാൻഡറാണ് (HIGHLANDER) ഇത് സംഘടിപ്പിക്കുന്നത്. നാലാമത് ഹൈലാൻഡർ അഡ്വഞ്ചർ 2025 ഫെബ്രുവരി 7 മുതൽ 9 വരെയാണ് സംഘടിപ്പിക്കുന്നത്.
ജബൽ ജെയ്‌സിൽ, എൺപത് കിലോമീറ്ററിൽ പരന്ന് കിടക്കുന്ന യു എ ഇയിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈക്കിംഗ് പാതകൾ പര്യവേക്ഷണം ചെയ്യാൻ ഹൈക്കർമാരെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും അനുവദിക്കുന്ന രീതിയിലായിരിക്കും ഈ ദീർഘദൂര ഹൈക്കിംഗ് ചലഞ്ച് നടത്തുന്നത്.
റാസൽഖൈമയുടെ സമ്പന്നമായ ചരിത്രവും വൈവിധ്യവും പ്രദർശിപ്പിക്കുന്ന പഴയ എമിറാത്തി സെറ്റിൽമെൻ്റുകളും സജീവമായ ഫാമുകളും അടുത്തറിഞ്ഞ് കൊണ്ട് ചരിത്രപരവും സാംസ്കാരികവുമായ ഭൂപ്രകൃതികളിലൂടെ കാൽനടയാത്ര നടത്താനുള്ള അതുല്യമായ അവസരമാണ് ഹൈലാൻഡർ അഡ്വഞ്ചർ 2025 ഒരുക്കുന്നത്.
WAM