2023 ഒക്ടോബർ 20, വെള്ളിയാഴ്ച മുതൽ റാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിക്കുമെന്ന് റാസ് അൽ ഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു. 2023 ഒക്ടോബർ 18-നാണ് RAKTA ഇക്കാര്യം അറിയിച്ചത്.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ഗ്ലോബൽ വില്ലേജ് എന്നിവരുമായി സഹകരിച്ചാണ് RAKTA ഈ ബസ് സർവീസുകൾ നടത്തുന്നത്. റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സുഗമമായ പൊതു ഗതാഗത സംവിധാനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ സർവീസ്.
എല്ലാ ആഴ്ചയും വെള്ളി, ശനി, ഞായർ ദിനങ്ങളിൽ മാത്രമാണ് ഈ പ്രത്യേക സർവീസ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് 30 ദിർഹമാണ്.
താഴെ പറയുന്ന രീതിയിലാണ് RAKTA ഈ ബസ് സർവീസ് നടത്തുന്നത്:
- റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് – വെള്ളി, ശനി, ഞായർ ദിനങ്ങളിൽ വൈകീട്ട് 4 മണിക്ക്.
- ഗ്ലോബൽ വില്ലേജിൽ നിന്ന് തിരികെ റാസ് അൽ ഖൈമയിലേക്ക് – വെള്ളി, ശനി, ഞായർ ദിനങ്ങളിൽ രാത്രി 11 മണിക്ക്.
ഈ ട്രിപ്പിനുള്ള ടിക്കറ്റുകൾ ‘RAKBus’ ആപ്പിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8001700 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Cover Image: RAKTA.