ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കുന്ന പ്രത്യേക റമദാൻ ആഘോഷ പരിപാടികൾ 2023 മാർച്ച് 3 മുതൽ ആരംഭിക്കും. 2023 മാർച്ച് 1-നാണ് ദുബായ് എക്സ്പോ സിറ്റി ഇക്കാര്യം അറിയിച്ചത്.
സന്ദർശകർക്ക് റമദാൻ അനുഭവങ്ങൾ ആസ്വദിക്കുന്നതിനായുള്ള പ്രത്യേക ‘റമദാൻ നൈബർഹുഡ്’ പരിപാടികളാണ് മാർച്ച് 3 മുതൽ ആരംഭിക്കുന്നത്. ഈ ആഘോഷപരിപാടികൾ മാർച്ച് 3 മുതൽ റമദാൻ മാസം അവസാനിക്കുന്നത് വരെ നീണ്ട് നിൽക്കും.
ഇതിന്റെ ഭാഗമായി റമദാൻ മാസത്തിലുടനീളം സന്ദർശകർക്കായി ഇഫ്‌താർ, സുഹൂർ എന്നിവ സംഘടിപ്പിക്കുന്നതാണ്. ഇതിന് പുറമെ പരമ്പരാഗത വിനോദപരിപാടികളും, സന്ദർശകർക്ക് റമദാൻ ഷോപ്പിംഗ് നടത്തുന്നതിനുള്ള ഒരു പ്രത്യേക റമദാൻ നൈറ്റ് മാർക്കറ്റും ദുബായ് എക്സ്പോ സിറ്റിയിൽ ഒരുക്കുന്നതാണ്.
എക്സ്പോ സിറ്റിയിലെ എക്സ്പോ ഫാൾസ്, മൊബിലിറ്റി മേഖല തുടങ്ങിയ ഇടങ്ങളിൽ വ്യക്തികൾക്കും, കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന ഇഫ്താർ അനുഭവങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കുന്നതാണ്. ‘റമദാൻ നൈബർഹുഡ്’ മേഖലയിൽ ആരംഭിക്കുന്ന ഹഖ് അൽ ലൈല ആഘോഷങ്ങൾ മാർച്ച് 3 മുതൽ മാർച്ച് 5 വരെ നീണ്ട് നിൽക്കും. ഇതിൽ എമിറാത്തി ഒട്ടകങ്ങളുടെ പരേഡ്, കുട്ടികൾക്കും, കുടുംബാംഗങ്ങൾക്കും ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന പൈതൃക ആഘോഷപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഇഫ്താർ ടേബിളുകൾ, നൈറ്റ് മാർക്കറ്റിന്റെ ഭാഗമായുള്ള ഫുഡ് കാർട്ടുകൾ മുതലായവ മാർച്ച് 3 മുതൽ ഈദുൽ ഫിത്ർ ആഘോഷങ്ങൾ അവസാനിക്കുന്നത് വരെ സന്ദർശകർക്കായി ലഭ്യമാക്കുന്നതാണ്. റമദാനിൽ ദുബായ് എക്സ്പോ സിറ്റിയുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അൽ തുരായ പാർക്കിലെ പവലിയനുകളിലേക്ക് രാവിലെ 11 മണിമുതൽ രാത്രി 11 മണിവരെ പ്രവേശനം അനുവദിക്കുന്നതാണ്. കുട്ടികളുടെ കളിയിടങ്ങളിലേക്ക് വൈകീട്ട് 5 മണിമുതൽ രാത്രി 11 മണിവരെ പ്രവേശനം അനുവദിക്കുന്നതാണ്.
WAM