ഷാർജ: റമദാൻ നൈറ്റ്സ് പ്രദർശനം മാർച്ച് 6-ന് ആരംഭിക്കും

GCC News

നാല്പത്തിരണ്ടാമത് റമദാൻ നൈറ്റ്സ് പ്രദർശനം 2025 മാർച്ച് 6-ന് ഷാർജയിൽ ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഷാർജ എക്സ്പോ സെന്ററിൽ വെച്ചാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. ഷാർജ ചേംബർ ഓഫ് കോമേഴ്സിന്റെ പിന്തുണയോടെ ഷാർജ എക്സ്പോ സെന്റർ സംഘടിപ്പിക്കുന്ന ‘റമദാൻ നൈറ്റ്സ്’ 2025 മാർച്ച് 6 മുതൽ മാർച്ച് 30 വരെ നീണ്ട് നിൽക്കും.

എമിറേറ്റിലെ പ്രമുഖ വാണിജ്യ, സാംസ്കാരിക പരിപാടികളിലൊന്നാണ് ‘റമദാൻ നൈറ്റ്സ്’. ഈ വർഷത്തെ പ്രദർശനത്തിൽ 200-ലധികം പ്രമുഖ റീട്ടെയിലർമാരും ഏകദേശം 500 ആഗോള, പ്രാദേശിക ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്.

മുപ്പത്തഞ്ചാമത് ഷാർജ റമദാൻ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഈ പ്രദർശനം, സന്ദർശകർക്ക് റമദാനിലെ ആത്മീയവും സാംസ്കാരികവുമായ പാരമ്പര്യങ്ങൾ ആസ്വദിക്കാനുള്ള ഒരു സവിശേഷ അവസരം ഒരുക്കുന്നു. വിവിധ ഉൽപ്പന്നങ്ങളിൽ 75 ശതമാനം വരെ പ്രത്യേക കിഴിവുകളും ആകർഷകമായ പ്രമോഷനുകളും ഈ പ്രദർശനം വാഗ്ദാനം ചെയ്യുന്നു. പ്രത്യേക ഓഫറുകൾ, അതിശയകരമായ സമ്മാനങ്ങൾ, റാഫിളുകൾ വഴി വിലയേറിയ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങൾ എന്നിവയും ഷോപ്പർമാർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്.

16,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദർശനത്തിൽ 150,000-ത്തിലധികം സന്ദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈവിധ്യമാർന്ന വിനോദ പരിപാടികൾ, അതുല്യമായ ഭക്ഷണാനുഭവങ്ങൾ, കുടുംബ വിനോദത്തിനായുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയും ഈ പ്രദർശനത്തിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.