റാപിഡ് ടെസ്റ്റുകൾ PCR പരിശോധനകൾക്ക് പകരമല്ലെന്ന് ബഹ്‌റൈൻ COVID-19 ടാസ്‌ക്‌ഫോഴ്‌സ്‌

GCC News

റാപിഡ് ടെസ്റ്റുകൾ PCR പരിശോധനകൾക്ക് പകരം ഉപയോഗിക്കാനുള്ളതല്ലെന്ന് ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന ദേശീയ ടാസ്‌ക്‌ഫോഴ്‌സ്‌ തലവൻ ലെഫ്റ്റനന്റ് കേണൽ ഡോ. മനാഫ് അൽ ഖതാനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ദേശീയ ടാസ്‌ക്‌ഫോഴ്‌സിന്റെ പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസ് പരിശോധനകൾക്കായി ഉപയോഗിക്കുന്ന റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ രാജ്യത്തുടനീളമുള്ള ഫാർമസികളിൽ ലഭ്യമാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകളുടെ ഉപയോഗത്തെക്കുറിച്ച് ഡോ. അൽ ഖതാനി വ്യക്തത നൽകിയത്.

കുറഞ്ഞ സമയത്തിനിടയിൽ കൂടുതൽ പേരിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്ന പരിശോധനാ പ്രവർത്തനങ്ങൾക്കും, സ്വയം പരിശോധിക്കുന്നതിനും ഇത്തരം റാപിഡ് കിറ്റുകൾ ഏറെ സൗകര്യപ്രദമാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ഇത്തരം ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്നവർക്ക് COVID-19 രോഗബാധ സ്ഥിരീകരിക്കുന്നതിനായി PCR പരിശോധന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാപിഡ് ടെസ്റ്റുകളിൽ നെഗറ്റീവ് ആകുന്നവർ ആ വിവരം അധികൃതരെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

4 ബഹ്‌റൈനി ദിനാറിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള ഫാർമസികളിൽ ഇത്തരം കിറ്റുകൾ ലഭ്യമാണ്. നവംബർ 4 മുതൽ ഇത്തരം COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാകുന്ന ഫാർമസികളുടെ വിവരങ്ങളും മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്.