ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2022-ന്റെ (BIAS 2022) ഭാഗമായി ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് യു കെ റോയൽ എയർഫോഴ്‌സിന്റെ വ്യോമാഭ്യാസ വിഭാഗമായ റെഡ് ആരോസ് പങ്കെടുക്കുന്നത്. റെഡ് ആരോസ് ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമാഭ്യാസ പ്രദർശന സംഘമാണ്.
ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയിൽ പങ്കെടുത്ത് കൊണ്ട് റെഡ് ആരോസ് ഫോർമേഷൻ ഫ്ലയിങ്ങ്, സൂക്ഷ്‌മതയോടുള്ള പറക്കൽ, മറ്റു വ്യോമാഭ്യാസ പ്രകടനങ്ങൾ എന്നിവ അവതരിപ്പിക്കുന്നതാണ്. ബഹ്റൈനിന് പുറമെ റെഡ് ആരോസ് കുവൈറ്റ്, സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളും സന്ദർശിക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ട് വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ 2022-ലെ പതിപ്പ് 2022 നവംബർ 9 മുതൽ 11 വരെയാണ്. സാഖിർ എയർബേസിൽ വെച്ചാണ് BIAS 2022 സംഘടിപ്പിക്കുന്നത്.
യു കെയെ പ്രതിനിധീകരിച്ച് കൊണ്ട് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് എക്സ്പോ 2020 ദുബായ് വേദിയിൽ 2021 ഒക്ടോബർ 8-ന് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചിരുന്നു.
Cover Photo: Bahrain News Agency.