ഒമാൻ: പ്രവാസികളുടെ വർക്ക് വിസ ഫീസ് കുറയ്ക്കാനുള്ള തീരുമാനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്

GCC News

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വിസ ഫീസ് 2022 ജൂൺ 1, ബുധനാഴ്ച മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരുന്നതാണ്. ജൂൺ 1 മുതൽ ഇത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഒമാൻ തൊഴിൽ മന്ത്രാലയം കൈക്കൊള്ളുന്നതാണ്.

രാജ്യത്തെ പ്രവാസികളുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കാൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2022 മാർച്ച് 13-ന് അധികൃതർക്ക് നിർദ്ദേശം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഒമാനിൽ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് തുകകൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും, നിലവിലെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും വരുന്ന ഫീസ് കുറയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

2022 മാർച്ച് 13-ന് അൽ ആലം കൊട്ടാരത്തിൽ വെച്ച് മസ്കറ്റ്, സൗത്ത് അൽ ബത്തീന, മുസന്ദം എന്നിവിടങ്ങളിലെ ഷെയ്‌ഖുമാരുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്. ഈ തീരുമാനത്തിന്റെ ഭാഗമായി സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസികളെ നിയമിക്കുന്നതിൽ വർക്ക് പെർമിറ്റ് ഫീസ് ഇനത്തിൽ വലിയ ഇളവ് ലഭിക്കുന്നതാണ്.

താഴെ പറയുന്ന രീതിയിലാണ് പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കുന്നത്:

  • സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസ് രണ്ട് വർഷത്തേക്ക് 301 റിയാലാക്കി കുറയ്ക്കുന്നതാണ്. നേരത്തെ ഈ തുക 2001 റിയാലായിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 211 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.
  • സവിശേഷ കഴിവുകൾ ആവശ്യമായ തസ്തികകളിലേക്കും, സാങ്കേതിക തസ്തികകളിലേക്കും, ഇടത്തരം തസ്തികകളിലേക്കും മറ്റും പ്രവാസികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസ് 251 റിയാലാക്കി കുറയ്ക്കുന്നതാണ്. നേരത്തെ ഈ പെർമിറ്റുകൾക്ക് 601 മുതൽ 1001 റിയാൽ വരെ ഈടാക്കിയിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 176 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.
  • മറ്റു തസ്തികകളിലേക്കുള്ള ഫീസ് 210 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 301 മുതൽ 361 റിയാൽ വരെ ഈടാക്കിയിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 141റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ 2022 സെപ്റ്റംബർ 1 വരെ ഒഴിവാക്കി നൽകിയതായി റോയൽ ഒമാൻ പോലീസ് നേരത്തെ അറിയിച്ചിരുന്നു.