ഷാർജ അന്താരാഷ്ട്ര പുസ്തകമേള: സന്ദർശകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

UAE

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF2020) സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നവംബർ 4 മുതൽ 14 വരെ നടക്കുന്ന മേളയിലേക്ക്, ദിനവും 4 വ്യത്യസ്ത സമയങ്ങളിലായാണ് പ്രവേശനം അനുവദിക്കുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) വ്യക്തമാക്കി.

https://registration.sibf.com/ എന്ന വിലാസത്തിലൂടെ, പൊതുജനങ്ങൾക്ക് മേളയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രവേശിക്കുന്നതിനുള്ള സമയം ബുക്ക് ചെയ്യാവുന്നതാണ്. സന്ദർശകർക്ക് ദിനവും താഴെ പറയുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള നാല് വ്യത്യസ്ത സമയക്രമങ്ങൾ സന്ദർശനത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്.

  • രാവിലെ – 10 am മുതൽ 1 pm വരെ.
  • ഉച്ചയ്ക്ക് – 1pm മുതൽ 4 pm.
  • വൈകീട്ട് – 4 pm മുതൽ 7 pm.
  • രാത്രി – 7 pm മുതൽ 10 pm.

രജിസ്റ്റർ ചെയ്‌തിട്ടുള്ള സന്ദർശകർക്ക് തിരഞ്ഞെടുത്തിട്ടുള്ള സമയക്രമം അനുസരിച്ച് വ്യത്യസ്ത നിറത്തിലുള്ള കൈകളിൽ ധരിക്കുന്ന ബാൻഡുകൾ നൽകുന്നതാണ്. ഈ വർഷം, 73 രാജ്യങ്ങളിൽ നിന്നുള്ള 1024 പ്രസാധകർ പുറത്തിറക്കുന്ന വ്യത്യസ്ത ഭാഷകളിലുള്ള 80000-ത്തിൽ പരം പുസ്തകങ്ങളാണ് മേളയിൽ സന്ദർശകർക്കായി ഒരുങ്ങുന്നത്.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും, സംവാദങ്ങളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://sharjahreads.com/ എന്ന വിലാസത്തിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. COVID-19 പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓൺലൈൻ സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തിയുള്ള സമ്മിശ്ര രീതിയിലാണ് മേള നടപ്പിലാക്കുന്നത്.

Cover Image: @SharjahBookAuth