ഒമാൻ: പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു

GCC News

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്ക് പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് ഡിസംബർ 31-ന് മുൻപായി മടങ്ങുന്നതിനുള്ള റജിസ്‌ട്രേഷൻ നടപടികൾ മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ചു. വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക്, നവംബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ, ഒമാനിൽ നിന്ന് എന്നേക്കുമായി മടങ്ങുകയാണെങ്കിൽ, പിഴതുകകളും മറ്റും ഒഴിവാക്കി നൽകുമെന്ന് തൊഴിൽ മന്ത്രാലയം നവംബർ 10-ന് അറിയിച്ചിരുന്നു.

പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി ഇത്തരം തൊഴിലാളികൾക്ക് https://www.manpower.gov.om/ManpowerAllEServices/Details/Registration-for-Departure-within-the-Grace-Period-306 എന്ന വിലാസത്തിലൂടെ റജിസ്‌ട്രേഷൻ സമർപ്പിക്കാവുന്നതാണ്. ഇതിന് പുറമെ സനദ് ഓഫിസുകൾ വഴിയും, എംബസികൾ മുഖാന്തരവും ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്ത് തുടരുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഒമാനിൽ നിന്ന് നിയമപരമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.

തൊഴിൽ മന്ത്രാലയത്തിൽ രാജ്യം വിടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുള്ള പ്രവാസി തൊഴിലാളികൾ, റെജിസ്റ്റർ ചെയ്ത് 7 ദിവസത്തിന് ശേഷം, നടപടികൾ പൂർത്തിയാക്കുന്നതിനായി മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ നേരിട്ടെത്താനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാന സമയത്തിന് 7 മണിക്കൂർ മുൻപായി, യാത്രാ രേഖകൾ, യാത്രാ ടിക്കറ്റ്, 72 മണിക്കൂർ സാധുതയുള്ള PCR പരിശോധനാ ഫലം എന്നിവയുമായാണ് മസ്കറ്റ് വിമാനത്താവളത്തിലെ ലേബർ ഓഫീസിൽ ഇവർ എത്തേണ്ടത്.

ഇത്തരം തൊഴിലാളികളുടെ വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ നൽകാൻ തൊഴിലുടമകളോട് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഇളവ് പ്രയോജനപ്പെടുത്താൻ ഇത്തരത്തിൽ വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികളോട് വിവിധ എംബസികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. യാത്രാ രേഖകളുടെ കാലാവധി അവസാനിച്ചവരും, യാത്രാ രേഖകൾ നഷ്ടപ്പെട്ടവരുമായ ഇത്തരം പ്രവാസി തൊഴിലാളികൾ ഉടനെ അവരുടെ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെടേണ്ടതാണ്.