ഒമാൻ: പിൻവലിക്കുന്ന കറൻസി നോട്ടുകൾ സമയബന്ധിതമായി മാറ്റിയെടുക്കാൻ നിർദ്ദേശം

featured GCC News

പിൻവലിക്കുന്ന കറൻസി നോട്ടുകൾ 2024 ഡിസംബർ 31-ന് മുൻപായി മാറ്റിയെടുക്കാൻ പൊതുജനങ്ങൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നിർദ്ദേശം നൽകി.

രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി 2024 ജനുവരി 7-ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചിരുന്നു. കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള ഈ തീരുമാനം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തുന്നതിനായാണ് ഇപ്പോൾ സെൻട്രൽ ബാങ്ക് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

പിൻവലിക്കുന്ന കറൻസി നോട്ടുകൾ 2024 ഡിസംബർ 31-ന് അസാധുവാകുമെന്നും, അതിനാൽ ഇത്തരം കറൻസി നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കുന്നതിനായി ഇനി ഒരു മാസത്തിൽ താഴെ സമയം മാത്രമാണ് അവശേഷിക്കുന്നതെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ഈ കാലയളവ് അവസാനിക്കുന്നതിന് മുൻപായി ഇത്തരം കറൻസി നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു.

ഒമാൻ കറൻസിയുടെ ആറാമത് പതിപ്പിന് മുൻപുള്ള എല്ലാ ബാങ്ക് നോട്ടുകളും ഈ തീരുമാനത്തിന്റെ ഭാഗമായി അസാധുവാകുന്നതാണ്. പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കുന്നതിനായി പൊതുജനങ്ങൾക്ക് റൂവി, സൊഹാർ, സലാല എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ശാഖകൾ സന്ദർശിക്കാവുന്നതാണ്.

ഇതിന് പുറമെ ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്നും ഇത്തരം നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്.