രാജ്യത്തിന് പുറത്തുള്ള റെസിഡന്റ് വിസകളിലുള്ളവർക്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുവാദമില്ലാതെ അബുദാബിയിലേക്ക് യാത്രചെയ്യാമെന്ന് ഇത്തിഹാദ് എയർവേസ് വ്യക്തമാക്കി. നാഷണൽ അതോറിറ്റി ഫോർ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മന്റ് (NCEMA), ICA എന്നിവർ സംയുക്തമായി അംഗീകാരം നൽകിയ, റെസിഡന്റ് വിസകളിലുള്ളവരുടെ യു എ ഇയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട നിർദ്ദേശങ്ങൾ പ്രകാരമാണ് ഈ തീരുമാനം.
ഈ തീരുമാനപ്രകാരം അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായിരുന്ന ICA അംഗീകാരം നേടുന്നതിനുള്ള കാത്തിരിപ്പ് ഒഴിവാകുന്നതാണ്. അബുദാബി റെസിഡന്റ് വിസകളിലുള്ളവർക്ക് https://smartservices.ica.gov.ae/echannels/web/client/guest/index.html#/residents-entry-confirmation എന്ന വിലാസത്തിലൂടെ എമിറേറ്സ് ഐഡി നമ്പർ, പാസ്സ്‌പോർട്ട് നമ്പർ, പൗരത്വം മുതലായ സ്വകാര്യ വിവരങ്ങൾ നൽകിയ ശേഷം തല്‍ക്ഷണം തന്നെ അവരുടെ യാത്രാ രേഖകളുടെ സാധുത പരിശോധിക്കാവുന്നതാണ്.
ഇത്തിഹാദ് വിമാനങ്ങളിൽ അബുദാബിയിലേക്ക് യാത്രചെയ്യുന്നവർക്ക് യു എ ഇ അംഗീകൃത COVID-19 ടെസ്റ്റിംഗ് ലാബുകളിൽ നിന്നോ, അവ ഇല്ലാത്ത ഇടങ്ങളിൽ അതാത് രാജ്യങ്ങളുടെ സർക്കാർ അംഗീകൃത ലാബുകളിൽ നിന്നോ, 96 മണിക്കൂറിനുള്ളിൽ ലഭിച്ച PCR നെഗറ്റീവ് പരിശോധനാ ഫലങ്ങൾ നിർബന്ധമാണ്. ഓഗസ്റ്റ് 16 മുതൽ അബുദാബിയിൽ നിന്ന് പുറത്തേക്കുള്ള എല്ലാ വിമാന യാത്രകൾക്കും COVID-19 PCR നിർബന്ധമാക്കിയിട്ടുണ്ട്. https://www.etihad.com/en/travel-updates/our-network എന്ന വിലാസത്തിൽ നിന്ന് ഇത്തിഹാദ് വിമാനങ്ങൾ ഉപയോഗിച്ച് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങൾ ലഭ്യമാകുന്നതാണ്.