ആറ് മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്ത് താമസിച്ചിരുന്ന, സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് 2021 മാർച്ച് 31 വരെ ദുബായിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ദുബായിലേക്കുള്ള യാത്രികർക്കായി ജനുവരി 5-ന് വൈകീട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് പങ്ക് വെച്ചിട്ടുള്ള അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിബന്ധനകളോടെ 180 ദിവസത്തിലധികമായി ദുബായിക്ക് പുറത്ത് താമസിച്ചിരുന്ന യാത്രികർക്ക് തിരികെ മടങ്ങാവുന്നതാണ്:
- സാധുതയുള്ള റെസിഡൻസി വിസ നിർബന്ധമാണ്.
- ദുബായിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സിൽ (GDRFA) നിന്നുള്ള മുൻകൂർ അനുവാദം നിർബന്ധമാണ്. മറ്റു എമിറേറ്റുകളിൽ നിന്നുള്ള റെസിഡൻസി വിസകൾ ഉള്ളവർ രാജ്യത്ത് തിരികെ പ്രവേശിക്കുന്നതിനുള്ള അനുമതി ICA പോർട്ടലിൽ നിന്ന് നേടേണ്ടതാണ്. ഈ അനുമതി ലഭിക്കാത്തവർക്ക് യു എ യിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
ഇത്തരം യാത്രികർക്ക് യു എ യിലേക്ക് പ്രവേശിക്കാമെന്ന് ഫ്ലൈ ദുബായും അറിയിച്ചിട്ടുണ്ട്. “സാധുതയുള്ള യു എ ഇ റെസിഡൻസി വിസയുള്ള, രാജ്യത്തിന് പുറത്ത് 180 ദിവസത്തിൽ കൂടുതലായി താമസിച്ചിട്ടുള്ള യാത്രികർക്ക് 2021 മാർച്ച് 31 വരെ തിരികെ പ്രവേശിക്കാവുന്നതാണ്.”, ഫ്ലൈ ദുബായ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ നൽകിയിട്ടുള്ള ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.