റാസ് അൽ ഖൈമയിലെ ചരിത്രപ്രസിദ്ധമായ ജസീറ അൽ ഹംറ കാവൽഗോപുരത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി

UAE

എമിറേറ്റിലെ ചരിത്രപ്രസിദ്ധമായ ഒരു കാവല്‍ഗോപുരത്തിന്റെ പുനരുദ്ധാരണം റാസ് അൽ ഖൈമ പുരാവസ്തു വകുപ്പ് വിജയകരമായി പൂർത്തിയാക്കി. പുരാതന തീരപ്രദേശ ഗ്രാമമായ, ജസീറ അല്‍ ഹംറയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഈ കാവൽഗോപുരം, നൂറു വർഷത്തിൽ പരം പഴക്കമുള്ളതാണ്. മത്സ്യബന്ധനത്തിനും, കടലില്‍ നിന്ന് മുത്തുവാരുന്നതിനും, വഞ്ചി നിർമ്മാണത്തിനും പേരുകേട്ട ഈ മേഖലയുടെ പ്രതിരോധ സുരക്ഷയിൽ ഈ ഗോപുരം നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നതായി കരുതിവരുന്നു.

പരമ്പരാഗതമായ രീതിയിൽ, പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ കാവൽഗോപുരം നിർമ്മിച്ചിരിക്കുന്നത്. പവിഴപ്പാറകൾ, കടല്‍ത്തീരത്ത് കാണപ്പെടുന്ന പാറക്കല്ലുകൾ, കണ്ടൽച്ചെടിയുടെ തടി, പനയോലകൾ എന്നിവയാൽ നിർമ്മിച്ച ഈ ഗോപുരം കടൽക്കരയിലെ മണല്‍ക്കൂനകള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. കരമാർഗ്ഗത്തിലൂടെയുള്ള ആക്രമണങ്ങളിൽ നിന്ന് ജസീറ അല്‍ ഹംറയിലെ കിണറുകളുടെയും, ഗ്രാമത്തിന്റെയും സംരക്ഷണം ഈ കാവൽഗോപുരം ഉറപ്പാക്കിയിരുന്നു.

ജസീറ അല്‍ ഹംറ മേഖലയുടെ വികസനം ആരംഭിച്ച 1950-കളിലാണ്, ഈ ഗോപുരത്തിന്റെ പ്രതിരോധ സുരക്ഷയിലുള്ള പങ്കിനെക്കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയത്. തകർന്നടിയാൻ ആരംഭിച്ച ഈ ഗോപുരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരാവസ്തു വകുപ്പ് ഈ വർഷം ഏപ്രിലിലാണ് ആരംഭിച്ചത്. പരമ്പരാഗതമായ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചാണ്, വിദഗ്ദ്ധരായ തൊഴിലാളികൾ ഈ ചരിത്രസ്മാരകത്തിന്റെ ചുവരുകൾ വീണ്ടും ബലപ്പെടുത്തിയത്.

“പരമ്പരാഗതമായ ചുമർ നിർമ്മാണ പ്രക്രിയ പലപ്പോഴും കെട്ടിടത്തിന്റെ പലയിടങ്ങളിലും വിടവുകൾ സൃഷ്ടിക്കാറുണ്ട്. ഈ കാവല്‍ഗോപുരവും ഇത്തരത്തിൽ പണിതീർത്തതാണ്. ഇതുകൊണ്ടാണ് ഗോപുരത്തിന്റെ ചുമരുകൾ ഭാഗികമായി ഇടിയാൻ ഇടയായത്.”, പുരാവസ്തു വകുപ്പിലെ ഡയറക്ടർ ഓഫ് ആർക്കിയോളജി അഹ്‌മദ്‌ ഹിലാൽ അഭിപ്രായപ്പെട്ടു. “ആദ്യം ഉണ്ടായിരുന്ന നിർമ്മാണ പ്രക്രിയയെ അതുപോലെ അവതരിപ്പിക്കുന്നതിനായി, ആധുനിക നിർമ്മാണ വസ്തുക്കളോ, രാസപദാർത്ഥങ്ങളോ തീർത്തും ഒഴിവാക്കിയാണ് ഗോപുരം പുനരുദ്ധാരണം നടത്തിയത്. കാവൽഗോപുരത്തിന്റെ ചരിത്രപരമായ പൂര്‍ണ്ണത്വം നിലനിർത്തുക എന്നതും ഇതിനു കാരണമായി. “, അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം ഒരു മാസത്തെ പ്രവർത്തനങ്ങളാണ് ഈ ഗോപുരത്തിന്റെ അറ്റകുറ്റപ്പണികൾക്കായി വേണ്ടിവന്നത്. ഗോപുരത്തിന്റെ മേൽക്കൂര, വാതിലുകൾ, കുമ്മായപ്പണി എന്നിവയിലും അറ്റകുറ്റപണികൾ നടത്തിയിട്ടുണ്ട്.

“11.9 മീറ്റർ ഉയരമുള്ള ഈ കാവൽഗോപുരം പരമ്പരാഗത പ്രതിരോധ നിർമ്മിതികളുടെ ശ്രേഷ്ടമായ ഉദാഹരമാണ്. ഇത് പുനരുദ്ധാരണം ചെയ്യുന്നതിലൂടെ റാസ് അൽ ഖൈമയുടെ വിലമതിക്കാനാകാത്ത പൈതൃകം വരും തലമുറയ്ക്കായി സംരക്ഷിക്കുകയാണ് ചെയ്യുന്നത്.” അഹ്‌മദ്‌ ഹിലാൽ വ്യക്തമാക്കി. താമസിയാതെ ഈ ചരിത്ര സ്മാരകം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതാണ്.

WAM