കോവിഡ്-19 വ്യാപനം തടയാൻ ഉപയോഗിക്കുന്ന മാസ്‌കുകളിൽ നല്ലത് തുണികൊണ്ട് നിർമ്മിച്ചവ. സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി പുനരുപയോഗിക്കാമെന്നതാണ് കോട്ടൺ തുണികൊണ്ടുള്ള മാസ്‌കുകൾ പ്രത്യേകത.
വീണ്ടും ഉപയോഗിക്കാം എന്നതുകൊണ്ടുതന്നെ ചെലവ് താരതമ്യേന കുറവാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്‌ക് ഓരോ തവണയും ധരിച്ചശേഷം കളയുന്നതുമൂലമുള്ള മാലിന്യത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാനുമാകും. തുണികൊണ്ടല്ലാത്ത മാസ്‌ക് ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കുന്നത് രോഗപകർച്ചയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. മാത്രമല്ല, ഒറ്റത്തവണ ഉപയോഗിച്ചശേഷം മാസ്‌കുകൾ വലിച്ചെറിയുന്നതും രോഗപ്പകർച്ചയ്ക്കുള്ള സാധ്യതയുണ്ടാക്കും.
തുണി കൊണ്ടുള്ള മാസ്‌കിന്റെ ഏറ്റവും വലിയ പ്രത്യേകത നമ്മുടെ സൗകര്യാനുസരണം വീട്ടിൽത്തന്നെ നിർമിക്കാമെന്നതാണ്. പൊതുയിടങ്ങൾ പോകുമ്പോഴും, ദൈനംദിന സാഹചര്യത്തിലും ഇത്തരം മാസ്‌കുകളാണ് ജനങ്ങൾക്ക് ഗുണപ്രദം.
മാസ്‌ക് ധരിക്കുക എന്ന രോഗ വ്യാപനം തടയാനുള്ള മാർഗങ്ങളിൽ ഒന്ന് മാത്രമാണ് എന്ന് പ്രത്യേകം ഓർക്കണം. സാമൂഹിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, തുങ്ങിയ ശീലങ്ങളും കോവിഡ്-19 പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്.