റമദാനിലെ അവസാന ദിനങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച പുതുക്കിയ യാത്രാ നിയന്ത്രണങ്ങളും, വാണിജ്യ മേഖലയിലെ പ്രവർത്തന വിലക്കുകളും ഒമാനിൽ 2021 മെയ് 8, ശനിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു. മെയ് 8 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ ഒമാനിലുടനീളം ദിനവും വൈകീട്ട് 7 മണി മുതൽ പിറ്റേന്ന് പുലർച്ചെ 4 മണി വരെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ കാലയളവിൽ ദിനവും വൈകീട്ട് 7 മുതൽ രാവിലെ 4 മണി വരെ വ്യക്തികളുടെ യാത്രകൾ, വാണിജ്യ പ്രവർത്തനങ്ങൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല. ഇതിനു പുറമെ, മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണസാധനങ്ങൾ, മരുന്നുകൾ മുതലായ അവശ്യവസ്തുക്കളുടെ വില്പനമേഖലകൾ, പ്രത്യേക അനുമതി നൽകിയിട്ടുള്ള ഏതാനം പ്രവർത്തനങ്ങൾ എന്നിവ ഒഴികെ മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.
ശനിയാഴ്ച്ച പുലർച്ചെ 4 മണി മുതലാണ് ഒമാനിലെ വാണിജ്യ മേഖലയിലെ ഈ സമ്പൂർണ്ണ നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഒമാനിലെ പൊതു മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ സുപ്രീം കമ്മിറ്റിയുടെ തീരുമാന പ്രകാരം പകൽ സമയങ്ങളിലുൾപ്പടെ അടച്ചിട്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന വാണിജ്യ തെരുവുകളെല്ലാം നിയന്ത്രണങ്ങളുടെ ഭാഗമായി തീർത്തും വിജനമായി കാണപ്പെട്ടു.
ശനിയാഴ്ച്ച വൈകീട്ട് 7 മണി മുതൽ സമയക്രമങ്ങളിൽ മാറ്റം വരുത്തിയ യാത്രാ നിയന്ത്രണങ്ങളും രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മെയ് 8 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയം നീട്ടാൻ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ കാലയളവിൽ റെസ്റ്ററന്റുകൾ, കഫെ, വഴിയോര ഭക്ഷണ വില്പനശാലകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അനുമതികളുള്ളവർക്കൊഴികെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയങ്ങളിൽ യാത്ര ചെയ്യാൻ അനുവാദമില്ലെന്നും അധികൃതർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ മറികടക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Photos: Oman News Agency