സൗദി അറേബ്യ: പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടം റിയാദിൽ ആരംഭിച്ചു

featured GCC News

പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടം റിയാദിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. റിയാദ് മേയറാലിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

റിയാദിലെ പൊതു പാർക്കിംഗ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന നയങ്ങളുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഈ പദ്ധതി. നഗരത്തിലെ പൊതു പാർക്കിംഗ് സൗകര്യങ്ങൾ ക്രമപ്പെടുത്തുന്നതിനും, അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനും, ട്രാഫിക് കൂടുതൽ സുഗമമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി നഗരത്തിലെ തെരുവുകളിലെ 24000-ത്തിൽ പരം പാർക്കിംഗ് ഇടങ്ങൾ സ്ഥാപിക്കുന്നതാണ്. ഇതിന് പുറമെ നഗരത്തിലെ പാർപ്പിടമേഖലകളിൽ നിലവിലുള്ള 140000-ത്തിൽ പരം പാർക്കിംഗ് ഇടങ്ങൾ പരിപാലിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഈ പദ്ധതിയുടെ ആദ്യ ഘട്ടം അൽ വുറൂദ്, അൽ റഹ്മാനിയാഹ്, പടിഞ്ഞാറൻ അൽ ഒലായ, അൽ മോറൂജ്, കിംഗ് ഫഹദ്, അൽ സുലൈമാനിയാഹ് എന്നിവ ഉൾപ്പടെ പന്ത്രണ്ട് ജില്ലകളിലായാണ് നടപ്പിലാക്കുന്നത്. ട്രാഫിക് ഇടങ്ങളുടെ സമീപം കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ പ്രാദേശിക സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനുള്ള നയങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.