സൗദി അറേബ്യ: റിയാദ് സീസൺ 2023 ഒക്ടോബർ 28 മുതൽ ആരംഭിക്കും

featured GCC News

റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചു. 2023 സെപ്റ്റംബർ 17-നാണ് GEA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്‌ഖാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കുന്നത്.

ഏറെ പുതുമകളോടെയാണ് റിയാദ് സീസൺ 2023 ഒരുക്കുന്നതെന്ന് തുർക്കി അൽ ഷെയ്‌ഖ് വ്യക്തമാക്കി. നേരിട്ടുള്ളതും, അല്ലാത്തതുമായ ഏതാണ്ട് രണ്ട് ലക്ഷത്തിൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ മേള സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴ് ദശലക്ഷം സ്‌ക്വയർ മീറ്ററിൽ ഒരുക്കുന്ന ഈ മേള ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിനോദ അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിലെത്തിക്കുന്നു. ഈ സീസണിൽ കൂടുതൽ വിനോദപരിപാടികൾ, വേദികൾ എന്നിവ ഉണ്ടാകുമെന്ന് തുർക്കി അൽ ഷെയ്‌ഖ് അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ കഴിഞ്ഞ പതിപ്പിൽ 15 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തിയിരുന്നു. ഇതിലെ ‘ബുലവാർഡ് വേൾഡ്’ എന്ന പ്രത്യേക മേഖല സന്ദർശകർക്കു മുൻപിൽ ലോകത്തെ വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങളെ അവതരിപ്പിച്ചു.