അൽ ജൗഫിലെ ‘ക്യാമൽ സൈറ്റ്’ എന്ന പേരിലറിയപ്പെടുന്ന മേഖലയിലെ പ്രാചീന ശിലാലിഖിതങ്ങൾ നവീനശിലായുഗ കാലഘട്ടത്തോളം പഴക്കമുള്ളതാണെന്ന് സൗദി ഹെറിറ്റേജ് കമ്മീഷൻ വ്യക്തമാക്കി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തിൽ സൗദിയിൽ നിന്നുള്ളവരും, വിദേശികളുമായ ഗവേഷകരുടെ സംഘമാണ് ഈ മേഖലയിലെ ശിലാലിഖിതങ്ങൾ സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തിയത്. ഈ പഠനത്തിന്റെ ഭാഗമായാണ് ക്യാമൽ സൈറ്റിലെ ശിലാലിഖിതങ്ങളുടെ പഴക്കം നിർണ്ണയിച്ചത്.
സൗദി ഹെറിറ്റേജ് കമ്മീഷനിൽ നിന്നുള്ള ഗവേഷകരോടൊപ്പം, കിംഗ് സൗദ് യൂണിവേഴ്സിറ്റി, ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസേർച് (CNRS), മാക്സ് പ്ലാങ്ക് ഇന്സ്ടിട്യൂട്ട്, ഫ്രീ യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരും ഈ പഠനത്തിൽ പങ്ക് ചേർന്നിരുന്നു. ഈ മേഖലയിലെ ശിലാലിഖിതങ്ങൾ 5600 BCE-യ്ക്കും 5200 BCE-യ്ക്കും ഇടയിലുള്ളതാണെന്നാണ് ഈ ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇവിടെ നിന്ന് കണ്ടെത്തിയ കല്ലിൽ കൊത്തിയ രൂപങ്ങൾ, മൃഗങ്ങളുടെ ഫോസിലുകൾ മുതലായവ ഈ മേഖലയിൽ നിലനിന്നിരുന്ന വ്യാവസായിക അടിസ്ഥാനത്തിലുള്ള സവിശേഷമായ കല്ല് കൊത്തൽ പ്രക്രിയയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. നവീനശിലായുഗത്തിന്റെ ഏതാണ്ട് അവസാനത്തോടടുത്ത് നിർമ്മിച്ചതാണ് ഈ രൂപങ്ങൾ.
ഈ മേഖലയിൽ ഇതുവരെ 12 മൃഗരൂപങ്ങളാണ് ഇത്തരത്തിൽ കല്ലിൽ കൊത്തിയിട്ടുള്ള നിലയിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 17 രൂപങ്ങൾ ഒട്ടകങ്ങളുടേതാണ്. കുതിരകളുടെ രൂപങ്ങളും ഇവിടെ കാണാവുന്നതാണ്. ക്യാമൽ സൈറ്റിലെ ശിലാലിഖിതങ്ങൾ മൃഗങ്ങളുടെ പൂർണ്ണരൂപത്തിൽ കൊത്തിയിട്ടുള്ള ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഇടങ്ങളിലൊന്നാണെന്നാണ് കരുതുന്നത്.
തെക്ക്പടിഞ്ഞാറൻ സൗദി അറേബ്യയിലെ, നജ്‌റാനിൽ സ്ഥിതിചെയ്യുന്ന ഹിമയിലെ പ്രാചീന ശിലാലിഖിതങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ അടുത്തിടെ ഇടം നേടിയിരുന്നു.
Cover Photo: Saudi Press Agency.