ബാങ്ക് കാർഡ് സംബന്ധമായ വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ഫോണിലൂടെ ബന്ധപ്പെടുന്നവരുമായി ഇത്തരം വിവരങ്ങൾ പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2022 മെയ് 4-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ബാങ്ക് കാർഡുകളുടെ വിവരങ്ങൾ, ബാങ്ക് കാർഡിലെ CVV കോഡ്, പണമിടപാടുകളുമായോ, മറ്റു ബാങ്കിങ്ങ് സേവനങ്ങളുമായോ ബന്ധപ്പെട്ട് ലഭിക്കുന്ന OTP നമ്പറുകൾ മുതലായ ഒരു വിവരങ്ങളും ഫോണിലൂടെയോ, സന്ദേശങ്ങളിലൂടെയോ, ഇ-മെയിലിലൂടെയോ ആരുമായും പങ്ക് വെക്കരുതെന്ന് ROP ഒമാനിലെ പൗരന്മാരെയും, പ്രവാസികളെയും ഓർമ്മപ്പെടുത്തി. ഇത്തരം വിവരങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെക്കുറിച്ച് ജാഗ്രത പുലർത്താൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നതിൽ നിന്ന് രക്ഷനേടുന്നതിനും, വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്നത് ഒഴിവാക്കുന്നതിനും ഇത് വളരെ പ്രധാനമാണെന്ന് ROP ചൂണ്ടിക്കാട്ടി.