ഒമാൻ: ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് ROP

Oman

COVID-19 വ്യാപനം തടയുന്നതിനായി ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പൊതുസമൂഹം പുലർത്തുന്ന ജാഗ്രതയെ ROP അഭിനന്ദിക്കുകയും, സമൂഹത്തിന്റെ ഉത്തരവാദിത്വത്തോടെയുള്ള നടപടികളിൽ അധികൃതർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

2021 ഓഗസ്റ്റ് 3-ന് വൈകീട്ടാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ വർഷം മൺസൂൺ മഴക്കാലത്ത് (ഖരീഫ്) സലാലയിലേക്ക് വലിയ രീതിയിലുള്ള സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടതായും, വൈറസ് വ്യാപനം തടയാനുള്ള എല്ലാ നടപടികളും അധികൃതർ കൈക്കൊണ്ടതായും ROP വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ധോഫർ ഗവർണറേറ്റിലെ മുഴുവൻ ഇടങ്ങളിലും, ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിലും കൂടുതൽ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കുമെന്ന് ROP അറിയിച്ചു. പൊതു ഇടങ്ങൾ നിരീക്ഷിക്കുന്നതിനും, പൊതുജനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും, ആൾത്തിരക്ക് ഒഴിവാക്കുന്നതിനായും, ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ നടപടി. ഇതിന് പുറമെ COVID-19 വ്യാപനം തടയുന്നതിനായുള്ള സുരക്ഷാ നടപടികൾ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ഇതിലൂടെ ROP ലക്ഷ്യമിടുന്നു.

തിരക്കൊഴിവാക്കുന്ന രീതിയിൽ റോഡുകളിലെ ഗതാഗതം പുനഃക്രമീകരിക്കുമെന്നും ROP അറിയിച്ചിട്ടുണ്ട്. എല്ലാ ട്രാഫിക് സിഗ്നലുകളിലും നിരീക്ഷണം ശക്തമാക്കുമെന്നും, നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Cover Image: Oman News Agency.