ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി; മണൽക്കാറ്റിന് സാധ്യത

GCC News

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണലിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2022 മെയ് 10-നാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്.

ഈ മേഖലയിൽ ശക്തമായ കാറ്റും, ഉയർന്ന താപനിലയും മൂലം വാഹനങ്ങൾ ഓടിക്കുന്നതിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്ക്പടിഞ്ഞാറൻ ദിശയിൽ വീശിയടിക്കുന്ന കാറ്റ് മൂലമാണ് മേഖലയിൽ ഈ പ്രതിഭാസം അനുഭവപ്പെടുന്നത്.

മുസന്ദത്തിന് പടിഞ്ഞാറൻ വശത്തുള്ള മേഖലകളിൽ വടക്ക്പടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം നേരിട്ട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കാറ്റ് മൂലം ദുഖം, ഫഹൂദ്, ആദം, ഇബ്രി, അൽ സിനൈന, മഹോയ്ത്, തംറൈത്, ഖിയാൺ ആലം, സമയിൽ, ബുറൈമി, മധ, യാങ്കൂൽ മുതലായ ഇടങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ഈ കാറ്റ് മുസന്ദത്തിന്റെ തീരപ്രദേശങ്ങൾ, അറബിക്കടൽ എന്നിവിടങ്ങളിൽ ശക്തമായ തിരമാലകൾക്കും കാരണമായിട്ടുണ്ട്. നിലവിലെ കാലാവസ്ഥ രണ്ട് ദിവസത്തേക്ക് കൂടി തുടരാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

Cover Image: Royal Oman Police.