ഒമാൻ: സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ROP

GCC News

കള്ളപ്പണം വെളുപ്പിക്കുന്നത് ഉൾപ്പടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2025 ഏപ്രിൽ 25-നാണ് ROP ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ROP-യുടെ ആഴ്ച തോറുമുള്ള പ്രത്യേക സംപ്രേക്ഷണത്തിലാണ് കള്ളപ്പണം വെളുപ്പിക്കുന്നത് ഏറ്റവും അപകടകരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിലൊന്നാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയത്. ‘കുറ്റകൃത്യങ്ങൾക്ക് ഊർജ്ജമാകുന്നതും, അക്രമങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതും, രാഷ്ട്രത്തെ ദുഷിപ്പിക്കുന്നതുമായ നിശബ്ദമായ ഒരു ആയുധം’ എന്നാണ് ROP കള്ളപ്പണം വെളുപ്പിക്കുന്നതിനെ ഈ സംപ്രേക്ഷണത്തിൽ വിശേഷിപ്പിച്ചത്.

ഈ കുറ്റകൃത്യം വ്യക്തികളെ മാത്രമല്ല ബാധിക്കുന്നതെന്നും, ഇത് രാജ്യത്തിൻറെ സുസ്ഥിരത, സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാണെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളുടേതിന് സമാനമായ വ്യാജവെബ്സൈറ്റുകൾ ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന സംഘങ്ങളുടെ പ്രവർത്തനങ്ങൾ, സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ പ്രവർത്തികൾ, കള്ളപ്പണം വെളുപ്പിക്കുന്നതിനായി ചാരിറ്റിപ്രവർത്തനങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങൾ പോലീസ് പ്രത്യേകം എടുത്ത് കാട്ടി.