ജിസിസി ട്രാഫിക് പിഴ തുകകൾ അടച്ച് തീർക്കാനുണ്ടെന്ന് അറിയിക്കുന്ന രൂപത്തിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 17-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ പൗരന്മാരും, പ്രവാസികളും ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങൾ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും, ഇവയിൽ വഞ്ചിതരാകരുതെന്നും പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓൺലൈനിലൂടെ പ്രവർത്തിക്കുന്ന ഒരു സംഘടിത തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നും, ഇവർ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് ഈ തട്ടിപ്പ് നടത്തുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിഴ തുക ഉടൻ അടച്ച് തീർക്കണമെന്ന അറിയിപ്പ്, പണമിടപാടുകൾക്കുള്ള ഒരു ലിങ്ക് എന്നിവ അടങ്ങിയ എസ് എം എസ് സന്ദേശത്തിന്റെ രൂപത്തിലാണ് ഈ തട്ടിപ്പ് നടക്കുന്നത്.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരിൽ നിന്ന് സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ ചോർത്തിയെടുക്കുന്ന ഈ സംഘം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാത്ത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, സ്വകാര്യ, ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.