വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 300 റിയാൽ പിഴയും, പത്ത് ദിവസത്തെ തടവ് ശിക്ഷയും ലഭിക്കാമെന്ന് പോലീസ് ഓർമ്മപ്പെടുത്തി.
വാഹന ഉടമകളോ, വാഹനങ്ങളിലെ മറ്റ് യാത്രികരോ ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് വാഹന ഉടമകൾക്കായിരിക്കും ഉത്തരവാദിത്വം. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നത് രാജ്യത്തെ ട്രാഫിക് നിയമങ്ങളുടെ പരിധിയിൽ വരുമെന്നും റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടി.
നിലവിലെ കൊറോണ വൈറസ് സാഹചര്യത്തിൽ ഉപയോഗിച്ച മാസ്കുകളും, PPE ഉപകരണങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നത് ആഗോളതലത്തിൽ തന്നെ വലിയ ഒരു പ്രതിസന്ധിയാണ് ഉയർത്തുന്നത്. ഇത്തരം പ്രവർത്തികൾ ഒഴിവാക്കാനും മാലിന്യങ്ങൾ കൃത്യമായി നിർമാർജ്ജനം ചെയ്യാനും പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു.