ഒമാൻ: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ROP

featured GCC News

വിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2023 മാർച്ച് 29-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സാമൂഹികമാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങളുമായി തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ഇല്ലാത്ത കറൻസി വ്യാപാരഇടപാടുകളുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തു കൊണ്ടുള്ള വ്യാജ പരസ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയതായി റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട്, തട്ടിപ്പ് സംഘങ്ങൾ, വ്യക്തികളിൽ നിന്ന് വ്യാജലിങ്കുകളിലൂടെ വിവരങ്ങൾ ചോർത്തുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തിൽ ചോർത്തിയെടുക്കുന്ന വിവരങ്ങൾ ഇവർ മറ്റു വിവിധ തട്ടിപ്പുകൾക്കുമായി ഉപയോഗിക്കുന്നതായും പോലീസ് കൂട്ടിച്ചേർത്തു.

ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ഇത്തരം തട്ടിപ്പ് സന്ദേശങ്ങളും, പരസ്യങ്ങളും ലഭിക്കുന്നവർ ഉടൻ തന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതരെ ധരിപ്പിക്കണമെന്നും പോലീസ് അറിയിച്ചു.